ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയല്‍സ് നായകൻ റിയാൻ പരാഗ് വിവാദത്തില്‍.ഡ്രസ്സിങ് റൂമിലിരുന്ന് പരാഗ് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദത്തിന് തിരികൊളുത്തി. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സിനിടെയാണ് സംഭവം.

മത്സരത്തിന്‍റെ 16-ാം ഓവറില്‍ ബ്രോഡ്കാസ്റ്റ് ക്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് ഇ സിഗരറ്റ് ഉപയോഗിക്കുന്നത് ക്യാമറയില്‍ പതിഞ്ഞത്. പരാഗ് പുറത്തായി ഗ്രസ്സിംഗ് റൂമിലെത്തി നിമിഷങ്ങള്‍ക്കകമായിരുന്നു ഇത്. 16 പന്തില്‍ 29 റണ്‍സെടുത്ത പരാഗ് നിര്‍ണായക സമയത്താണ് പുറത്തായത്. പരാഗ് ഡ്രസ്സിംഗ് റൂമിലിരുന്ന ഇ സിഗരറ്റ് വലിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണ് പരാഗിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ആരാധകർ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. 15കാരന്‍ വൈഭവ് സൂര്യവംശി അടക്കമുള്ള യുവതാരങ്ങള്‍ക്ക് ക്യാപ്റ്റൻ എന്ത് മാതൃകയാണ് കാട്ടുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വേപ്പിംഗിനെക്കുറിച്ച്‌ ഐപിഎല്ലില്‍ പ്രത്യേകം നിയമങ്ങള്‍ നിലവിലില്ലെങ്കിലും, സ്റ്റേഡിയത്തിനകത്തും ഡ്രസ്സിങ് റൂമിലും പുകയിലയോ അനുബന്ധ ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്നത് ബിസിസിഐയുടെ ആരോഗ്യ-സുരക്ഷാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതിനുമുമ്പ് ഇതേ സീസണില്‍ രാജസ്ഥാൻ റോയല്‍സ് ടീം മാനേജർ റോമി ഭിന്ദറിന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സമാനമായ അച്ചടക്ക നടപടി ക്യാപ്റ്റനായ പരാഗിന് എതിരെയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേറിയതോടെയാണ് രാജസ്ഥാൻ റോയല്‍സ് നായകസ്ഥാനം 24-കാരനായ പരാഗിലെത്തിയത്. എന്നാല്‍ സീസണില്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്താൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ മത്സരത്തിന് മുമ്പ് വരെ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 81 റണ്‍സ് മാത്രമാണ് താരം നേടിയത്. മോശം ഫോമിന് പിന്നാലെ അച്ചടക്ക ലംഘനം കൂടി പുറത്തുവന്നത് താരത്തിന് വലിയ തിരിച്ചടിയാണ്. ഓഫ് ഫീല്‍ഡ് വിവാദങ്ങള്‍ക്കിടയിലും പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സ് തകർപ്പൻ ജയം സ്വന്തമാക്കി. പരാഗ് പുറത്തായശേഷം അവസാന ഓവറുകളില്‍ ഡൊണാവൻ ഫെരേര (52*), ശുഭം ദുബെ (31) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് റോയല്‍സിന് ജയം സമ്മാനിച്ചത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താൻ രാജസ്ഥാന് സാധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക