സാധാരണക്കാരൻ ഒരു കാർ വാങ്ങണമെന്ന് വിചാരിക്കുമ്പോള്‍ തന്നെ മാരുതി സുസുക്കി മതിയെന്ന് തീരുമാനിക്കാറുണ്ട്. അതിന്റെ കാരണം കൊണ്ടുനടക്കാൻ അധികം ചെലവ് ഒന്നും വേണ്ട എന്നുള്ളതാണ്.എന്തെങ്കിലും പണി വന്നാല്‍ പോക്കറ്റ് കീറാതെ വർക്ക്ക്ഷോപ്പില്‍ നിന്നും ഇറക്കാനും പറ്റും.
എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാരുതിയുടെ എൻട്രി ലെവല്‍ കാറുകളുടെ കച്ചോടം വളരെ ശോകമായ അവസ്ഥയിലാണ്. ആള്‍ട്ടോ K10, എസ്-പ്രെസോ, സെലേറിയോ, ഇഗ്നിസ് തുടങ്ങിയ മോഡലുകളെല്ലാം നഷ്‌ടത്തിലാണ് വിപണനം ചെയ്യുന്നത്. ഇതില്‍ ഇഗ്നിസിന്റെ നിർമാണം അവസാനിപ്പിക്കാനും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യക്കാർ വേണ്ടവിധത്തില്‍ ഗൌനിക്കാത്തതിനാല്‍ കാര്യമായ വില്‍പ്പനയില്ലാതെ ഇഗ്നിസ് ഇഴയുകയായിരുന്നു. ഇതേ അവസ്ഥയാണ് നിലവില്‍ സെലേറിയോയും നേരിടുന്നത്. 2025-26 സാമ്പത്തിക വർഷത്തില്‍ വമ്പൻ നഷ്‌ടത്തോടെയാണ് കോംപാക്‌ട് ഹാച്ച്‌ബാക്കിന്റെ വില്‍പ്പന മാരുതി അവസാനിപ്പിച്ചത്. ഇക്കാലയളവില്‍ കാറിന്റെ 18,005 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. 2024-25 സാമ്പത്തിക വർഷത്തില്‍ 33,025 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു.
താരതമ്യം ചെയ്യുമ്പോള്‍ മാരുതി സുസുക്കി സെലേറിയോയുടെ വാർഷിക വില്‍പ്പനയില്‍ 45 ശതമാനം നഷ്‌ടമാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്ന് സാരം. കഴിഞ്ഞ സാമ്പത്തിക വർഷം കച്ചോടത്തില്‍ ഏറ്റവും നഷ്‌ടം വന്ന മോഡലും ഇതുതന്നെയാണ്. 6 എയർബാഗും, 32.85 കിലോമീറ്റർ മൈലേജും താങ്ങാനാവുന്ന വിലയും എല്ലാം ഉണ്ടായിട്ടും സെലേറിയോയ്ക്ക് ശോഭിക്കാനാവാത്തത് സങ്കടകരമായ കാര്യമാണ്. മിക്ക മാസങ്ങളിലും ഹാച്ചിന്റെ വില്‍പ്പന ആയിരത്തിന് താഴെയാണെന്നതാണ് യാഥാർഥ്യം.
ടോള്‍ബോയ് രൂപവും മികച്ച ഇൻ്റീരിയർ സ്പേസും 1.0 ലിറ്റർ പെട്രോള്‍ എഞ്ചിനുമായി വരുന്ന ഹാച്ച്‌ബാക്ക് നല്ലൊരു ഫാമിലി കാറാണെന്നതില്‍ സംശയമൊന്നും വേണ്ട. ചെറിയ ബജറ്റില്‍ ആദ്യം 6 എയർബാഗ് നല്‍കിയത് മൈലേജ് കിങായ സെലേറിയോയ്ക്കായിരുന്നുവെന്നതും ഹൈലൈറ്റാണ്. സ്ത്രീകള്‍ക്ക് ഉപയോഗിക്കാൻ ഏറ്റവും എളുപ്പമുള്ള വാഹനങ്ങളില്‍ ഒന്ന് കൂടിയാണിത് കേട്ടോ. മാരുതി സുസുക്കിയുടെ മോഡുലാർ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് സെലേറിയോ നിർമിച്ചിരിക്കുന്നത്.
1.0 ലിറ്റർ K-സീരീസ് പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കിയുടെ കോംപാക്‌ട് ഹാച്ച്‌ബാക്കിന്റെ ഹൃദയം. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp കരുത്തില്‍ പരമാവധി 92 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുമുണ്ട്. ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവല്‍ ഓപ്ഷനിലും സെലേറിയോ വാങ്ങിക്കാനാവുന്നതാണ് കേട്ടോ. ഇത് വലിയൊരു കാര്യമാണ്.
കംപ്രസ്‌ഡ് നാച്ചുറല്‍ ഗ്യാസില്‍ പ്രവർത്തിക്കുമ്പോള്‍ കാറിൻ്റെ പെർഫോമൻസ് കണക്കുകള്‍ കുറയുമെങ്കിലും അപാര മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു കിലോ സിഎൻജിയില്‍ 32.85 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സെലേറിയോ സിഎൻജി നല്‍കുന്നത്. ഹാച്ച്‌ബാക്കിന്റെ പെട്രോള്‍ മാനുവല്‍ വേരിയൻ്റുകള്‍ ലിറ്ററിന് 24.8 കിലോമീറ്റർ വരെയും പെട്രോള്‍ എഎംടിക്ക് 25.75 കിലോമീറ്റർ വരെയും മൈലേജും തരുന്നുണ്ട്.
ആപ്പിള്‍ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടണ്‍ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളെല്ലാം കുത്തിനിറച്ചുകൊണ്ടാണ് മാരുതി സെലേറിയോ വിപണിയില്‍ എത്തുന്നത്. അതോടൊപ്പം തന്നെ 6 എയർബാഗുകള്‍, ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനുള്ള എബിഎസ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങി സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ട്.
LXI, VXI, ZXI, ZXI+ എന്നീ നാല് വേരിയൻ്റുകളാണ് സെലേറിയോ വിപണിയിലെത്തുന്നത്. 4.70 ലക്ഷം മുതല്‍ 6.73 ലക്ഷം രൂപ വരെയാണ് മോഡലിന് നിലവില്‍ വരുന്ന എക്സ്ഷോറൂം വില. അതായത് ബേസ് മോഡലിന് പോലും 5 ലക്ഷത്തില്‍ താഴെയാണ് വില വരുന്നത് എന്ന് സാരം. ഇന്ത്യയിലെ ഇതേ വിഭാഗത്തില്‍ റെനോ ക്വിഡ്, ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് പോലുള്ള പ്രമുഖൻമാരുമായാണ് സെലേറിയോയുടെ മത്സരം.









