30 കോടി രൂപ നല്‍കിയിരുന്നുവെങ്കില്‍ കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരെ ലൈംഗിക പീഡന പരാതി നല്‍കില്ലായിരുന്നെന്ന് സുപ്രീം കോടതി. വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. പരാതിക്കാർക്ക് എതിരെ കേസ് ഫയല്‍ ചെയ്തതിനാലാണ് വേണു ഗോപാലകൃഷ്ണന് എതിരെ പീഡനക്കേസ് ഫയല്‍ ചെയ്തതെന്നും ജസ്റ്റിസ്മാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
വേണു ഗോപാലകൃഷ്ണന് എതിരെ പരാതി നല്‍കിയ യുവതി അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച അഭ്യൂഹം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചതിനെ തുടർന്ന് വേണു ഗോപാലകൃഷ്ണനും പരാതിക്കാരിയും അവരുടെ ഭർത്താവും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍വെച്ച് ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയില്‍ ഒത്തുതീർപ്പിനായി 30 കോടി രൂപ വ്യവസായിയോട് പരാതിക്കാരിയും, ഭർത്താവും ആവശ്യപെട്ടിരുന്നുവെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.30 കോടിയില്‍ 10 കോടി രൂപ ബാങ്കിലൂടെയും ബാക്കി 20 കോടി നല്‍കുന്നതിനായി രണ്ട് ചെക്കുകളും നല്‍കാം എന്നായിരുന്നു ധാരണ.
ഈ ധാരണയുടെ അടിസ്ഥാനത്തില്‍ അമ്പതിനായിരം രൂപ പരാതിക്കാരിയുടെയും ഭർത്താവിന്റെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ 30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവതിക്കും ഭർത്താവിനും എതിരെ വേണു ഗോപാലകൃഷ്ണൻ കേസ് നല്‍കിയെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.വേണു ഗോപാലകൃഷ്ണന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് യുവതി ലൈംഗിക പീഡനക്കേസ് നല്‍കിയത്. പണം നല്‍കി ഒത്തു തീർപ്പ് ഉണ്ടായിരുന്നുവെങ്കില്‍ ലൈംഗിക പീഡന പരാതി ഉണ്ടാകില്ലായിരുന്നു എന്നാണ് വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്.
കേസില്‍ അറസ്റ്റിലായാല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വേണു ഗോപാലകൃഷ്ണനെ വിടണം എന്നാണ് സുപ്രീം കോടതി ഉത്തരവ്. കേസ് അന്വേഷണവുമായി വേണു ഗോപാലകൃഷ്ണൻ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കല്‍ ഉള്‍പ്പടെയുള്ള നടപടികളില്‍ ഏർപ്പെട്ടാല്‍ മുൻകൂർ ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നല്‍കി.വേണു ഗോപാലകൃഷ്ണന് വേണ്ടി സീനിയർ അഭിഭാഷകരായ മുകുള്‍ റോത്തഗി, രാകേന്ദ് ബസന്ത്, അഭിഭാഷകരായ തോമസ് ആനക്കല്ലുങ്കല്‍, വിഷ്ണു പി എന്നിവരാണ് ഹാജരായത്. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി ദിനേശും, നിഷേ രാജൻ ഷൊങ്കറും ഹാജരായപ്പോള്‍ പരാതിക്കാർക്ക് വേണ്ടി അഭിഭാഷക കരുണ നന്ദി ഹാജരായി.





