പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപിച്ച്‌ വ്യാപക പ്രതിഷേധം. കെഎസ്‌ഇബി താത്കാലിക ജീവനക്കാരനായ സന്തോഷ് കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ മരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.അടിയന്തര ഘട്ടത്തില്‍ പ്രാണവായു നല്‍കാന്‍ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു ആശുപത്രിയിലെന്ന് മരിച്ച സന്തോഷിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.

ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ വൈകിട്ട് അഞ്ച് മണിയോടെയാണ് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഈ സമയം കാഷ്വാലിറ്റിയില്‍ മതിയായ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ല. മരണം മുന്നില്‍ കണ്ട് പിടഞ്ഞ സന്തോഷിന് ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിക്കാന്‍ പോലും ആശുപത്രിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ കുറ്റപ്പെടുത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ ചികിത്സ ലഭിക്കാതെ സന്തോഷ് മരണത്തിന് കീഴടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ 46 കോടി രൂപ ചിലവില്‍ നവീകരിച്ച്‌ ഉദ്ഘാടനം ചെയ്ത ആശുപത്രിയിലാണ് ഈ ദുരവസ്ഥയെന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. ഹൈടെക് സൗകര്യങ്ങളുണ്ടെന്ന് അവകാശപ്പെടുമ്പോഴും ജീവന്‍ രക്ഷിക്കാനുള്ള പ്രാഥമിക സംവിധാനങ്ങള്‍ പോലും പ്രവര്‍ത്തനക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മരണവിവരമറിഞ്ഞതോടെ ആശുപത്രി പരിസരത്ത് സഹപ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടി പ്രതിഷേധിച്ചു. സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് പാറശാല സിഐ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.

നിലവില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. അത്യാധുനിക കെട്ടിടമുണ്ടായിട്ടും ജീവനക്കാരുടെ കുറവ് കാരണം രോഗികള്‍ ദുരിതമനുഭവിക്കുന്നത് താലൂക്ക് ആശുപത്രിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ആരോപണമുയരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക