വാമനപുരത്ത് ഒരു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയായ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു.കണിച്ചോട് സ്വദേശികളായ സുഭാഷ്-അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന് ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന സംശയവും പ്രസവശേഷമുണ്ടായ മാനസിക പ്രയാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കുഞ്ഞ് കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി.കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊലനടത്തിയത് എന്ന് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ആര്യനാട് മീനാങ്കലിലെ ഭർത്താവിന്റെ വീട്ടിലായിരുന്ന അശ്വതി മൂന്ന് ദിവസം മുമ്പാണ് കുഞ്ഞുമായി വാമനപുരത്തെ വീട്ടിലെത്തിയത്. ഭർത്താവിന്റെ വീട്ടിലുള്ളവർ ക്ഷേത്രദർശനത്തിന് പോയതിനെ തുടർന്നായിരുന്നു ഇത്.
സംഭവദിവസം തൊഴിലുറപ്പ് ജോലി കഴിഞ്ഞ് കുഞ്ഞിന്റെ മുത്തശ്ശി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് കട്ടിലില്‍ കിടക്കുകയായിരുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്ന് അവർ ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പരിഭ്രാന്തയായ ഇവർ ഉടൻതന്നെ ബന്ധുക്കളെ വിവരമറിയിച്ചശേഷം കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് ഉടൻ സ്ഥലത്തെത്തി. കുഞ്ഞിന്റെ കഴുത്തിലും ശരീരഭാഗത്തും അടയാളങ്ങള്‍ കണ്ടതോടെയാണ് സംഭവം കൊലപാതകമായിരിക്കാം എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. പിന്നാലെ ഇവർ അശ്വതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെണ് അശ്വതി സമ്മതിക്കുകയായിരുന്നു. ഇതിനുപിന്നാലെ യുവതി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പോലീസ് പറഞ്ഞു.
അശ്വതിക്ക് എട്ടുവയസുള്ള മറ്റൊരു കുട്ടികൂടി ഉണ്ട്. രണ്ടാമത്തെ കുട്ടിയുടെ പ്രസവം കഴിഞ്ഞതില്‍പിന്നെ അശ്വതി അധികം ആരോടും സംസാരിച്ചിരുന്നില്ല എന്ന് ബന്ധുക്കള്‍ പറയുന്നു. ചെറിയരീതിയില്‍ മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും കുഞ്ഞിനെ ഇഷ്ടമല്ലാത്ത രീതിയിലുള്ള പ്രവർത്തികള്‍ ചെയ്തിരുന്നതായും ഇവർ പറയുന്നു. അടുത്ത ദിവസം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇവർ.
കുഞ്ഞിന് ഓട്ടിസം ബാധിച്ചതായുള്ള സംശയം അശ്വതിയ്ക്ക് നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ കുഞ്ഞിന് അസുഖങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ല. ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ അശ്വതി പൊട്ടിക്കരഞ്ഞുവെന്ന് പോലീസ് പറയുന്നു.
വിരലടയാള വിദഗ്ധരും, ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ജുവനപുടി മഹേഷ് ഐപിഎസിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി സന്തോഷ്‌കുമാർ, പാങ്ങോട് എസ്‌എച്ച്‌ഓ ജിനേഷ്, വെഞ്ഞാറമൂട് സബ് ഇൻസ്‌പെക്ടർ സജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.






