മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യക്ക് സംസ്ഥാന സർക്കാർ വക വഴിവിട്ട സഹായമെന്ന് റിപ്പോർട്ട്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മില്‍മയുടെയും ഉല്‍പ്പന്നങ്ങളുടെ വിദേശവ്യാപാരത്തിന് മത്സരപ്രക്രിയകളൊന്നുമില്ലാതെ മന്ത്രിയുടെ ഭാര്യയുടെ കമ്പനിക്കു കരാർ നല്‍കിയെന്നാണ് ആരോപണം ഉയരുന്നത്.
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ സിഇഒയായ ‘മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍’ കമ്പനിക്കാണ് കരാർ ലഭിച്ചത്. കേരഫെഡിന്റെ വെളിച്ചെണ്ണ ദുബായിലും മില്‍മയുടെ ഉല്‍പന്നങ്ങള്‍ ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും വിപണനം ചെയ്യുന്നതിനായാണ് കരാർ നല്‍കിയിരിക്കുന്നത്.
മൊത്തവ്യാപാര ഏജന്റിന് വെളിച്ചെണ്ണ നല്‍കുന്നതിന് പ്രത്യേകമായി ടെൻഡർ വിളിക്കേണ്ടതില്ലെന്നാണ് കേരഫെഡിന്റെ വിശദീകരണം. എന്നാല്‍ വിദേശ വിപണിയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായി ഇതുവരെ മറ്റേതെങ്കിലും കമ്പനികളുമായി ഇത്തരത്തിലുള്ള കരാറുകള്‍ ഉണ്ടായിട്ടില്ലെന്നതും ചൂണ്ടിക്കാട്ടപ്പെടുന്നു. മത്സരപ്രക്രിയ ഇല്ലാതെ ഒരു സ്വകാര്യ കമ്പനിക്ക് കരാർ നല്‍കിയത് ക്രമവിരുദ്ധമാണെന്ന വിമർശനവും ബന്ധപ്പെട്ട വകുപ്പുകളില്‍ ഉയർന്നിട്ടുണ്ട്. കൂടാതെ, മന്ത്രിയുടെ കുടുംബാംഗം നയിക്കുന്ന കമ്പനിയുമായുള്ള കരാറിന്റെ നൈതികതയെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നു.
2025 ജനുവരി മുതല്‍ മാർച്ച് വരെ ആറ് ടണ്‍യും നവംബറില്‍ ഇരുപത് ടണ്‍ വെളിച്ചെണ്ണയും ഈ കരാറിന്റെ ഭാഗമായി കയറ്റുമതി ചെയ്തതായി വിവരമുണ്ട്. തിരുവനന്തപുരം കുടപ്പനക്കുന്നിലെ മന്ത്രിയുടെ വീട്ടുവിലാസമായ ‘സിന്ദഗി, കെആർഎ 144-(എ)’ എന്ന വിലാസത്തിലാണ് ‘മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍’ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റിലും ബിന്ദു മേനോൻ സിഇഒയായി രേഖപ്പെടുത്തിയിട്ടുണ്ട്.
കരാർ വിളിച്ചതല്ലെന്നും കമ്പനി തന്നെ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നതിനെ തുടർന്ന് ചർച്ചകള്‍ക്ക് ശേഷം കരാറില്‍ ഒപ്പുവെച്ചതാണെന്നും മില്‍മ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. കരാർ പ്രകാരം പ്രതിമാസം കുറഞ്ഞത് 20 ലക്ഷം രൂപയുടെ നെയ്യും 5 ലക്ഷം രൂപയുടെ മറ്റ് പാല്‍ ഉല്‍പന്നങ്ങളും വാങ്ങണമെന്ന വ്യവസ്ഥയുമുണ്ട്.
അതേസമയം വിലനിർണ്ണയത്തിലും ഇളവുകള്‍ നല്‍കിയതായാണ് വിവരം. കേരഫെഡ്, ദുബായിലെ എല്‍ജി എഫ്‌എംസിജി ട്രേഡിങ് എല്‍എല്‍സി, മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍ എന്നീ കമ്പനികള്‍ തമ്മിലാണ് വെളിച്ചെണ്ണ വ്യാപാര കരാർ. കേരഫെഡില്‍ നിന്ന് വെളിച്ചെണ്ണ വാങ്ങി ദുബായ് കമ്പനിക്കു നല്‍കുന്നത് മിഡ്നൈറ്റ് സണ്‍ ഗ്ലോബലാണ്. 2024 നവംബർ 16നാണ് കരാർ ഒപ്പിട്ടത്. സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കണമെന്ന കമ്പനിയുടെ ആവശ്യം കേരഫെഡില്‍ വിവാദമുണ്ടാക്കിയിരുന്നു. ഒടുവില്‍ ഉന്നതതല ഇടപെടലിന് പിന്നാലെ സാധാരണ മൊത്തവ്യാപാരികള്‍ക്കു നല്‍കുന്ന വിലയ്ക്ക് പുറമേ 15 ശതമാനം കമ്മിഷനും അനുവദിക്കുന്ന രീതിയില്‍ കരാർ നടപ്പാക്കിയതായാണ് വിവരം.








