നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് ഉമ്മൻചാണ്ടിയുടെ മൂത്തമകൾ മരിയ ഉമ്മന്റെ പി ആർ പ്രചരണം. യുഡിഎഫ് വിരുദ്ധ കോൺഗ്രസ് വിരുദ്ധ ചാനലിനെ കൂട്ടുപിടിച്ചാണ് മരിയയുടെ പ്രചരണ തന്ത്രങ്ങൾ മുന്നോട്ടുപോകുന്നത്. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് തൻറെ സ്ഥാനാർഥിമോഹങ്ങൾ മരിയ ആദ്യമായി വ്യക്തമാക്കിയത്.
കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ തനിക്കുണ്ട് എന്ന് വരുത്തി തീർക്കുവാൻ റിപ്പോർട്ടറിൽ തന്നെ വാർത്ത ബ്രേക്ക് ചെയ്യുവാനും മരിയയ്ക്ക് സാധിച്ചു. എ കെ ആൻറണി മരിയയുടെ പേര് കാഞ്ഞിരപ്പള്ളിയിലേക്ക് നിർദ്ദേശിച്ചു എന്ന വ്യാജ പ്രചരണവും ഇവരോട് അടുത്ത കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഉമ്മൻചാണ്ടിയോടുള്ള സ്നേഹം ജനങ്ങൾ വോട്ടായി മരിയക്ക് നൽകുമെന്ന ബാലിശമായ പ്രചരണം പോലും ഈ കേന്ദ്രങ്ങൾ ഉയർത്തിവിടുന്നുണ്ട്.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കോൺഗ്രസിന്റെ പ്രാഥമിക പരിഗണന പട്ടികയിൽ പോലും മരിയ ഉമ്മന്റെ പേര് ഉൾപ്പെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നേരത്തെയും റിപ്പോർട്ടർ ടിവിയെ കൂട്ടുപിടിച്ച് ഇവർ സഭാ അധ്യക്ഷന്മാരെ സന്ദർശിച്ച സംഭവങ്ങളൊക്കെ വാർത്തയാക്കിയിരുന്നു. സഭാ മേലധികാരികളെ അങ്ങോട്ടുപോയി കണ്ടതിനു ശേഷം അവർ വിളിപ്പിച്ചതാണ് എന്നുള്ള നിലയിലാണ് ഇവർ അഭിമുഖത്തിലും അഭിപ്രായം പ്രകടിപ്പിച്ചത്.
മരിയ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതിന് സഹോദരൻ ചാണ്ടി ഉമ്മൻ പോലും അനുകൂലിക്കുന്നില്ല. മരിയയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുവാൻ ഉള്ള മോഹങ്ങൾ ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നതിൽ കലാശിക്കുമെന്ന് ആശങ്കയും കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മരിയയുടെ രണ്ടാം ഭർത്താവ് 20-20യിൽ ചേർന്നത് വലിയ വാർത്തയായിരുന്നു.






