മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന എ സുരേഷിനെ പാലക്കാട് മലമ്പുഴയില്‍ സ്ഥാനാർത്ഥിയാക്കാൻ കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ തന്നെ സമീപിച്ചതായി സുരേഷ് സ്ഥിരീകരിച്ചു. സുരേഷിനെ മത്സരിപ്പിച്ചാല്‍ ഇടത് കോട്ടയായ മലമ്പുഴയില്‍ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍.
ഏറെക്കാലം വി എസിന്റെ പി എ ആയിരുന്നു സുരേഷ്. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് വിവരം.അതേസമയം, മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് സുരേഷ് പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. പാർട്ടിയില്‍ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. എന്നാല്‍ ഇപ്പോഴും ഇടത് അനുഭാവി തന്നെയാണ്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ മൂല്യങ്ങള്‍ ചോർന്നുപോകുന്നതില്‍ പ്രതിഷേധിക്കുന്നവരുടെ ഒപ്പമാണ് താനുമുള്ളത്.
പാർട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ നാല് അപ്പീലുകള്‍ നല്‍കിയിരുന്നു. അതില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. തന്നെ എന്തിനാണ് പുറത്താക്കിയതെന്ന് ഇപ്പോഴും ബോദ്ധ്യപ്പെട്ടിട്ടില്ല. മറ്റൊരു പാർട്ടിയില്‍ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ സുരേഷ് വ്യക്തമാക്കി.ഇ കെ നായനാരും വി എസ് അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതല്‍ 2016വരെ നാലുതവണ വി എസ് മലമ്പുഴയില്‍ നിന്ന് വിജയിച്ചു. കഴിഞ്ഞതവണ എ പ്രഭാകരനായിരുന്നു സ്ഥാനാർത്ഥി. 25,000ലധികം വോട്ടുകള്‍ക്കായിരുന്നു വിജയം.











