താമരശ്ശേരിയിലെ ബേക്കറിയിലേക്ക് പട്ടാപ്പകല്‍ ഓടിക്കയറിയത് അപ്രതീക്ഷിത അതിഥി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. താമരശ്ശേരി പോസ്റ്റോഫീസിന് സമീപത്തെ ജനത ബേക്കറിയിയിലേക്ക് ഒരു കാട്ടുപന്നി ആണ് പാഞ്ഞെത്തിയത്. പിന്നാലെ പലഹാരക്കൂടുകള്‍ക്കിടയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കണ്ട് ജീവനക്കാരും ഭക്ഷണം കഴിക്കാനായി എത്തിയവരും പരിഭ്രാന്തരായി.
താമരശ്ശേരി സ്വദേശിയായ വിനയന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലേക്കാണ് അപ്രതീക്ഷിതമായി കാട്ടുപന്നി പാഞ്ഞെത്തിയത്.പന്നിയെ കണ്ട് ഭയന്ന കടയിലുണ്ടായിരുന്ന ചിലർ പുറത്തേക്ക് ഓടി. തുടർന്ന് നാട്ടുകാരും കടക്കാരും ഏറെ പണിപ്പെട്ടാണ് കാട്ടുപന്നിയെ പുറത്തേക്ക് ഓടിച്ചത്. പുറത്തേക്ക് ഓടിപ്പോകവേ ഒരു സ്വകാര്യ ബസ്സിലും കാറിലും നിര്‍ത്തിയിട്ട സ്‌കൂട്ടറിലും ഇടിച്ചു. പിന്നീട് സമീപത്തായുള്ള ഒരു ചെറിയ റോഡിലൂടെ ഓടി മറയുകയായിരുന്നു.
സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസമാണ്. രാപകല്‍ വ്യത്യാസമില്ലാതെ താമരശ്ശേരി, ബാലുശ്ശേരി മേഖലകളില്‍ കാട്ടുപന്നി ശല്യം വർധിച്ചുവരികയാണെന്നാണ് വിവരം. രാത്രിയില്‍ ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങള്‍ ഇറങ്ങി അക്രമം പതിവാണെങ്കിലും പട്ടാപ്പകലും ഇവയുടെ ശല്യം തുടരുകയാണെന്നതില്‍ ആശങ്കയിലാണ് നാട്ടുകാർ.










