കോടികള്‍ വിലവരുന്ന മൂന്ന് വീടുകള്‍, കാറുകള്‍, ഓട്ടോറിക്ഷകള്‍… എതെങ്കിലും ബിസിനസുകാരന്റെ സ്വത്ത് വിവരങ്ങളല്ലിത്.മദ്ധ്യപ്രദേശിലെ ഇൻഡോറില്‍ നിന്നുള്ള ദിവ്യാംഗനായ ഭിക്ഷാടകന്റെ സ്വത്ത് വിവരമാണിത്. ഇയാളുടെ ആസ്തിയും ബിസിനസ്സും അറിഞ്ഞ് പൊലീസ് തന്നെ ഞെട്ടിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരങ്ങുന്ന മരവണ്ടിയില്‍ ഭിക്ഷാടനം നടത്തുകയാണ് മംഗിലാല്‍. പ്രശസ്ത മാർക്കറ്റായ സറഫ ബസാർ കേന്ദ്രീകരിച്ചാണ് യാചന. ഇരു കൈകളിലും ഷൂസ് ധരിച്ച് തടി വണ്ടിയില്‍ ഒരു ബാഗുമായി ഇയാള്‍ ദിവസം മുഴുവൻ ദയനീയമായ മുഖത്തോടെ അവിടെയുണ്ടാകും. ഇയാളുടെ അവസ്ഥ കണ്ട് ചോദിക്കാതെ തന്നെ ജനങ്ങള്‍ പണം നല്‍കും.
വർഷങ്ങള്‍ക്ക് മുൻപ് റെഡ് ക്രോസ് സൊസൈറ്റി വഴി മംഗിലാലിന് 1 ബിഎച്ച്‌കെ ഫ്ളാറ്റ് സർക്കാർ അനുവദിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും, ലാഭകരമായ ഒരു ‘ബിസിനസ്’ മാതൃകയായി ഭിക്ഷാടനം തുടരാൻ മംഗിലാല്‍ തീരുമാനിച്ചു.
അടുത്തിടെ വനിതാ ശിശു വികസന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മംഗിലാലിനെ കുറിച്ചുള്ള യാഥാർത്ഥ്യം പുറത്തുവന്നത്. നിലവില്‍ സർക്കാർ നല്‍കിയ ഫ്ലാറ്റില്‍ താമസിക്കുന്ന മംഗിലാലിന് മൂന്ന് കോണ്‍ക്രീറ്റ് വീടുകളുണ്ട്. ഇവയെല്ലാം വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണ്. മൂന്ന് ഓട്ടോകളില്‍ നിന്നും നല്ലൊരു തുക മാസം ലഭിക്കുന്നുണ്ട്. സ്വന്തമായി കാറും ഡ്രൈവറുമുണ്ട്. ഡ്രൈവറാണ് ദിവസും കാറില്‍ ഭിക്ഷയെടുക്കാൻ മാർക്കറ്റില്‍ കൊണ്ടുവിടുന്നത്. ഇതിന് പുറമേ 5 ലക്ഷം രൂപ പലിശയ്‌ക്ക് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്തിന് ഏകദേശം 1 കോടി രൂപ വിലവരുമെന്ന് വനിതാ ശിശു വികസന ഓഫീസർ ദിനേശ് മിശ്ര പറയുന്നു





