കാമുകനുമായി കേരളത്തില്‍ ഒന്നിച്ച് ജീവിക്കാൻ തയ്യാറെടുത്താണ് പതിനാലുകാരി അസമില്‍ നിന്നും ട്രെയിൻ കയറിയത്.എന്നാല്‍ ആലുവയില്‍ കാല്‍ കുത്തിയ ഉടനെ യുവാവായ കാമുകനെയും ബന്ധുക്കളെയുമടക്കം റെയില്‍വെ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി.
സദർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പെടുന്ന പെണ്‍കുട്ടിയെ കാമുകനൊപ്പം ജീവിക്കാമെന്ന് പറഞ്ഞ് പ്രതികള്‍ തട്ടിക്കൊണ്ട് വരികയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അസം പൊലീസ് കേരളവുമായി ബന്ധപ്പെട്ടത്.
ഡിബ്രഗ്- കന്യാകുമാരി എക്സ്പ്രസില്‍ ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഘം ആലുവയില്‍ എത്തിയത്. ഉടൻ തന്നെ ഇവരെ പിടികൂടുകയും ചെയ്തു. അസം പോലീസ് അറിയിച്ചതിനെ തുടർന്ന് റെയില്‍വെ പ്രൊട്ടക്ഷൻ ഫോഴ്സ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് അസം നാഗോണ്‍ റംഗാലു സ്വദേശിയായ പെണ്‍കുട്ടിയുടെ കാമുകൻ സദ്ദാം ഹുസൈൻ, ബന്ധു ഹബീബുല്‍ റഹ്മാൻ, ഭാര്യ അഫ്സാന ബീഗം എന്നിവർ പിടിയിലായത്. ബന്ധുവിന്റെ കൈക്കുഞ്ഞും ഇവർക്കൊപ്പമുണ്ടായിരുന്നു. എല്ലാവരെയും ആലുവ പോലീസിന് കൈമാറിയെങ്കിലും അസമില്‍ കേസ് ഉള്ളതിനാല്‍ ഇവിടെ കേസെടുത്തിട്ടില്ല.
ചൊവ്വാഴ്ച അസം പൊലീസ് എത്തിയ ശേഷം കോടതിയുടെ അനുമതിയോടെ പെണ്‍കുട്ടിയെയും പ്രതികളെയും കൈമാറും. പ്രതികള്‍ക്കെതിരെ അസം സദർ പൊലീസ് പോക്സോ, തട്ടികൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെയും യുവതിയെയും താത്കാലികമായി കുഞ്ഞിനെയും സ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റ് രണ്ട് പ്രതികളും ആലുവ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർ നേരത്തെ പെരുമ്പാവൂർ ഭാഗത്ത് ജോലി ചെയ്തിട്ടുണ്ട്.





