‘ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അവനെ കാണാതായത്, അപ്പോള്‍ മുതല്‍ തുടങ്ങിയ അന്വേഷണത്തിന് ഇടവേള കൊടുത്തത് പിറ്റേന്ന് പുലർച്ചയോടെയാണ്.തിങ്കളാഴ്ച രാവിലെ പത്രത്തിലെ വാർത്ത കണ്ടാണ് ഞങ്ങളുടെ ‘ഓജോ’യെ സുഭാഷ് പാർക്കില്‍ കണ്ടെത്തിയതായി അറിഞ്ഞത്’, എറണാകുളം പള്ളിമുക്ക് സ്വദേശിയായ വി വി ജയദേവൻ പറഞ്ഞ് തുടങ്ങി…
പലരും വാർത്തകളില്‍ അവനെ വളരെ അഗ്രസീവും ഉപദ്രവകാരിയുമായാ പിറ്റ്ബുള്‍ എന്നാണ് ഓജോയെ വിശേഷിപ്പിച്ചത്.എന്നാല്‍ കഴിഞ്ഞ എട്ട് വർഷത്തോളമായി റെസിഡൻഷ്യൻ ഏരിയയിലെ വീട്ടില്‍ താമസിക്കുന്ന ഓജോയെ കുറിച്ച് ഇതുവരെ യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ചെവിയില്‍ തകരാറുള്ളതിനാല്‍ നോക്കാൻ കഴിയാതെ വന്നതോടെ തനിക്ക് ഒരാള്‍ നല്‍കിയതാണ് പിറ്റ്ബുള്ളിനെയെന്നും മൂന്ന് മാസത്തോളം മാമംഗലത്തെ ആശുപത്രിയില്‍ ചികിത്സിച്ച ശേഷമാണ് വീട്ടിലെത്തിച്ചതെന്നും മകൻ ജയദേവന്‍റെ മകൻ സംഗീത് പറഞ്ഞു.
ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഞായറാഴ്ച സുഭാഷ് പാർക്കില്‍ കണ്ടെത്തിയ പിറ്റ്ബുള്‍ ഉടമസ്ഥരിലേക്ക് എത്തുന്നത്. നായയെ ഉപേക്ഷിച്ചതല്ലെന്നും ബെല്‍റ്റ് ചങ്ങലയും ഉപയോഗിച്ച് കെട്ടിയിരുന്നുവെങ്കിലും അവയുടെ പഴക്കം മൂലം ഊരി പോയതായിരുന്നുവെന്നും ഉടമസ്ഥർ പറഞ്ഞു. നായയെ ദർബാർ ഹാള്‍, സുഭാഷ് പാർക്ക് എന്നിവിടങ്ങളില്‍ നടക്കാൻ കൊണ്ടുപോകുമായിരുന്നു. കാണാതായ ശേഷവും നായ ഈ രണ്ട് സ്ഥലത്തും എത്തിയതാണെന്നും ഉടമ പറയുന്നു. അതേസമയം പാർക്കില്‍ നിന്ന് കണ്ടെത്തിയ പിറ്റ്ബുള്ളിനെ ഉടമസ്ഥനെ അന്വേഷിച്ച് കൈമാറാൻ നില്‍ക്കാതെ എന്ന എസ് പി സി എ മുൻ സെക്രട്ടിയായിരുന്ന ടി കെ സജീവൻ എടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
നായയെ കൈവശപ്പെടുത്തിയ സജീവൻ ഉടമസ്ഥരായ ജയദേവനും മകൻ സംഗീത് ജയദേവനും എത്തിയ ശേഷവും നായയെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. തുടർന്ന് നായയുടെ ഇഞ്ചക്ഷനുകളെടുത്ത സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ഹാജരാക്കിയതോടെ ടി ജെ വിനോദ് എംഎല്‍എ, തേവരസി ഐ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, എസ് പി സി എ ഇൻസ്പെക്ടർ, ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് കെ ബി ഇക്ബാല്‍ തുടങ്ങിയവരുടെ ഇടപെടലിലൂടെയാണ് നായയെ തിരികെ ഉടമസ്ഥനെ ഏല്‍പ്പിക്കുന്നതിന് നടപടിയായത്. ഇന്ന് വൈകുന്നേരത്തോടെ ഉടമസ്ഥർക്ക് ഓജോയെ കൈമാറും.
നിലയ്ക്കാതെ ‘ഉടമകളുടെ’ കോളുകൾ
പിറ്റ്ബുളളിനെ കണ്ടെത്തിയ വാർത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഉടമസ്ഥരുടെ കോളുകളുടെ പ്രവാഹമാണ് എഎസ്പിസിഎയിലേക്ക് എത്തിയത്. താനാണ് നായയുടെ ഉടമസ്ഥനെന്ന് അറിയിച്ച് ഇന്നലെ മാത്രം പത്തിലധികം ആളുകളാണ് ബന്ധപ്പെട്ടത്. ഉടമസ്ഥത തെളിയിക്കാൻ ലൈസൻസുമായി വരാൻ ആവശ്യപ്പെട്ടതോടെ ഓരോ കോളിനും അവസാനമായി. ലൈസൻസ് കാണാനില്ല, നഷ്ടപ്പെട്ടു പോയി എന്നി മറുപടികളാണ് ആകെ ലഭിച്ചത്.





