ആകാശചുംബിയായ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഗ്ലാസ് സ്വിമ്മിങ് പൂള്‍ തകർന്നു വീഴുന്ന നടുക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.കെട്ടിടത്തിന്റെ ഒരു വശത്തായുള്ള സ്വിമ്മിങ് പൂള്‍ തകർന്ന് അതിലെ ജലം വെള്ളച്ചാട്ടം പോലെ താഴേക്ക് പതിക്കുമ്ബോള്‍ ഒരാള്‍ തകർന്ന പൂളിന്റെ വശങ്ങളില്‍ പിടിച്ച് തൂങ്ങി കിടക്കുന്നതും കാണാം. എഐ ആണ് സംഭവം എന്നറിയാതെ ദൈവത്തിന് നന്ദി പറയുകയാണ് കമന്റ് ബോക്സില്‍ പലരും.
നാല് കോടിക്ക് മുകളില്‍ ആളുകള്‍ ആണ് ഒരു ദിവസം കൊണ്ട് ഈ വിഡിയോ കണ്ടത്. ‘God Said Not Today’ എന്ന് പറഞ്ഞ് ഷെയർ ചെയ്തിരിക്കുന്ന വിഡിയോയില്‍ ഇത് യഥാർഥ സംഭവം ആണെന്നാണ് അവകാശപ്പെടുന്നത്.
ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ, “ശാന്തമായി നീന്തിക്കൊണ്ടിരുന്ന ഒരാളുടെ സന്തോഷ നിമിഷങ്ങള്‍ ഒരൊറ്റ സെക്കൻഡ് കൊണ്ട് ഭീകരമായ ഒരു അനുഭവമായി മാറുന്നു. ഒരു നിമിഷം കൊണ്ടാണ് വൻതോതിലുള്ള ജലപ്രവാഹം കെട്ടിടത്തിന്റെ വശങ്ങളിലൂടെ താഴേക്ക് കുത്തിയൊഴുകിയത്. ഇത് കണ്ടുനിന്നവർ ഞെട്ടലോടെ നിലവിളിക്കുന്നതും ചിതറിയോടുന്നതും കാണാം. എന്നാല്‍ ഏവരെയും അമ്ബരപ്പിച്ചുകൊണ്ട്, ആ നീന്തല്‍ക്കാരൻ കൃത്യസമയത്ത് പ്രതികരിക്കുകയും വെള്ളത്തിനൊപ്പം താഴേക്ക് പതിക്കാതെ വശങ്ങളില്‍ മുറുകെപ്പിടിച്ച് രക്ഷപ്പെടുകയും ചെയ്യുന്നു.”
“ഈ ദൃശ്യം കണ്ടാല്‍ വിശ്വസിക്കാൻ പ്രയാസമാണ്. ജീവിതം എത്രത്തോളം ദുർബലമാണെന്ന് ഓർമ്മിപ്പിക്കുന്ന ഒന്നാണിത്. ഒരു ചെറിയ പിഴവ് സംഭവിച്ചിരുന്നെങ്കില്‍ വലിയൊരു ദുരന്തത്തില്‍ അവസാനിക്കുമായിരുന്ന നിമിഷം. ഭയന്നുവിറച്ച് നില്‍ക്കുന്ന ആ മനുഷ്യൻ ഒരു വലിയ അത്ഭുതമായി അവശേഷിക്കുന്നു.”
“സാധാരണ നിലയിലുള്ള കാര്യങ്ങള്‍ എത്ര വേഗമാണ് ഒരു പേടിസ്വപ്നമായി മാറുന്നത് എന്ന് ഈ ദൃശ്യം നമ്മെ ഓർമ്മിപ്പിക്കുന്നു. ചിലപ്പോള്‍ ദുരന്തങ്ങള്‍ സംഭവിക്കാത്തത് ജീവിതം തന്നെ ‘ഇന്നല്ല’ എന്ന് തീരുമാനിക്കുന്നത് കൊണ്ടാകാം,” ഇങ്ങനെയാണ് വിഡിയോ പങ്കുവെച്ച് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ദൈവമല്ല, എഐ ആണ് അയാളെ രക്ഷിച്ചത് എന്ന കമന്റുകള്‍ ആണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.





