ഉത്തർപ്രദേശിലെ റാംപൂരില്‍ നൈനിറ്റാള്‍ ഹൈവേയെ സ്തംഭിപ്പിച്ചുകൊണ്ട് നടന്ന ദാരുണമായ വാഹനാപകടം റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പഹാഡി ഗേറ്റിന് സമീപമുള്ള പവർ ഹൗസിന് അടുത്തുവെച്ചാണ് വൈക്കോല്‍ കയറ്റിയ ലോറി നിയന്ത്രണം വിട്ട് ബൊലേറോ കാറിന് മുകളിലേക്ക് മറിഞ്ഞത്.
ഈ ഭീകരമായ അപകടത്തില്‍ വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണല്‍ ഓഫീസറുടെ ഡ്രൈവറായ 54 വയസുകാരൻ ഫിറാസത്ത് തല്‍ക്ഷണം മരണമടഞ്ഞു.ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുജർ ടോള സ്വദേശിയായ ഫിറാസത്ത്, ഉദ്യോഗസ്ഥനെ സബ്സ്റ്റേഷനില്‍ ഇറക്കി മടങ്ങുന്നതിനിടെയാണ് മരണത്തിലേക്ക് വണ്ടി ഓടിച്ചു കയറിയത്.സിസിടിവി ദീശ്യങ്ങളില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങള്‍ അത്യന്തം ഭീതിജനകമാണ്. ഹൈവേയിലെ ഒരു കട്ടിലൂടെ പെട്ടെന്ന് വാഹനം തിരിക്കാൻ ശ്രമിച്ച ബൊലേറോയെ ഇടിക്കാതിരിക്കാൻ ലോറി ഡ്രൈവർ പരമാവധി ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നാല്‍ വണ്ടി വെട്ടിച്ചപ്പോള്‍ ലോറിയുടെ മുൻചക്രം ഡിവൈഡറില്‍ കയറുകയും അമിതമായി വൈക്കോല്‍ കയറ്റിയിരുന്നതിനാല്‍ ലോറിക്ക് തുലനാവസ്ഥ നഷ്ടപ്പെടുകയുമായിരുന്നു.നിമിഷങ്ങള്‍ക്കകം ബൊലേറോയെ പൂർണമായും ചതച്ചരച്ചുകൊണ്ട് ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ലോറിയുടെ ഭാരത്തിനടിയില്‍ പെട്ട കാർ തിരിച്ചറിയാൻ പോലുമാകാത്ത വിധം തകർന്നുപോയി.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും ചതഞ്ഞരഞ്ഞ കാറിനുള്ളില്‍ നിന്ന് ഫിറാസത്തിനെ പുറത്തെടുക്കുക എന്നത് ദുഷ്കരമായ ദൗത്യമായിരുന്നു.നാല് വലിയ ക്രെയിനുകളും രണ്ട് ബുള്‍ഡോസറുകളും ജെസിബിയും ഉപയോഗിച്ച് അരമണിക്കൂറിലധികം പരിശ്രമിച്ച ശേഷമാണ് ലോറി ഉയർത്തി മാറ്റാൻ സാധിച്ചത്.ഈ സമയമത്രയും ഫിറാസത്ത് വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തലയ്ക്കും നട്ടെല്ലിനും ഏറ്റ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
അപകടത്തെത്തുടർന്ന് ഡല്‍ഹി-നൈനിറ്റാള്‍ ഹൈവേയില്‍ കിലോമീറ്ററുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്.തിരക്കേറിയ സമയങ്ങളില്‍ അമിതഭാരം കയറ്റിയ ലോറികള്‍ നഗരത്തിനുള്ളില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധയും റോഡ് നിയമങ്ങളോടുള്ള ബഹുമാനമില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങള്‍ ആവർത്തിക്കാൻ കാരണമെന്ന് പലരും അഭിപ്രായപ്പെട്ടു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ലോറി ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. എസ്പി വിദ്യാസാഗർ മിശ്ര നേരിട്ട് സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു.





