തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലർ.മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്‍പ്പെടെയുള്ള സൂപ്പർ സ്റ്റാറുകള്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയതായിരുന്നു ജയിലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ജയിലർ 2 അണിയറയില്‍ ഒരുങ്ങുകയാണ്.
ജയിലർ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റുകള്‍ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിലുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് കിങ് ഷാരുഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ സംവിധായകനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
സംവിധായകന്റെയോ നിര്‍മാതാക്കളുടെയോ അറിവില്ലാതെ മിഥുന്‍ അബദ്ധവശാല്‍ പുറത്തുവിട്ടതാകാമെന്നാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍. നേരത്തേ രജനികാന്ത് തന്നെ നായകനായ കൂലിയില്‍ ഗസ്റ്റ് റോളില്‍ ആദ്യം സമീപിച്ചത് ഷാരുഖിനെ ആയിരുന്നുവെന്നും അദ്ദേഹം നിഷേധിച്ചതിനു ശേഷമാണ് ആമിര്‍ ഖാന്‍ വേഷം ചെയ്യാനെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാര്‍ത്ത പുറത്തുവന്നതോടെ വലിയ പ്രതീക്ഷയോടെയാണ് രജിനി-ലാല്‍-ശിവ രാജ്കുമാര്‍ ആരാധകരുള്ളത്. തമിഴകത്ത് നിന്നുമുള്ള ആദ്യ 1000 കോടി നേടുന്ന ചിത്രമായിരിക്കും ജയിലര്‍ 2 വെന്നും അനിരുദ്ധിന്റെ മ്യൂസിക്കില്‍ തിയറ്റര്‍ കത്തുമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്ന കമന്റുകള്‍.








