സീരിയല്‍ താരം സിദ്ധാർത്ഥ് ഓടിച്ച വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു. ബുധനാഴ്ച രാത്രി 8.30-ഓടെ എംസി റോഡില്‍ ആയിരുന്നു സംഭവം.നടന്നു പോകുകയായിരുന്ന ലോട്ടറി വില്‍പനക്കാരനെയാണ് സിദ്ധാർത്ഥ് ഇടിച്ചിട്ടത്.
അപകടം കണ്ട് ചോദ്യം ചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും യുവാവ് ആക്രമിച്ചു. അസഭ്യവാക്കുകള്‍ ഉപയോഗിച്ചതോടെ സ്ഥിതിഗതികള്‍ വഷളായി കയ്യാങ്കളിയിലേക്കു മാറിയതായി പൊലീസ് അറിയിച്ചു. ബലം പ്രയോഗിച്ചാണ് താരത്തെ ചിങ്ങവനം പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കോട്ടയം നാട്ടകം മറിയപ്പള്ളിയില്‍ ആയിരുന്നു അപകടം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടൻ മദ്യലഹരിയില്‍ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. സിദ്ധാർത്ഥിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. സംഭവത്തില്‍ തുടർ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





