ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് മഹാസഖ്യത്തിനും അതിനെ നയിച്ച ആർജെഡിക്കും ഉണ്ടായത്.തെരഞ്ഞെടുപ്പിന് മുൻപ് അച്ഛൻ പാർട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട തേജ് പ്രതാപ് യാദവിൻ്റെ സ്ഥിതിയും മറിച്ചല്ല.

ലാലു പ്രസാദ് യാദവിൻ്റെ മൂത്ത മകനായ ഇദ്ദേഹം മഹുവ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. 18 റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ ഒന്നാമതുള്ള എല്‍ജെപി സ്ഥാനാർത്ഥിയേക്കാള്‍ 37000ത്തില്‍പരം വോട്ടുകള്‍ക്കും രണ്ടാമതുള്ള ആർജെഡി സ്ഥാനാർത്ഥിയേക്കാള്‍ ആറായിരത്തില്‍ പരം വോട്ടുകള്‍ക്കുമാണ് തേജ് പ്രതാപ് യാദവ് പിന്നിട്ടുനില്‍ക്കുന്നത്. ഇനി ഒൻപത് റൗണ്ട് വോട്ടെണ്ണല്‍ ബാക്കിയുണ്ടെങ്കിലും മണ്ഡലത്തില്‍ ജയിക്കാനാവുമെന്ന പ്രതീക്ഷ തീരെയില്ല തേജ് പ്രതാപ് യാദവിൻ്റെ ജനശക്തി ജനതാ ദള്‍ ക്യാംപില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക് ജനശക്തി പാർട്ടി സ്ഥാനാർത്ഥി സഞ്ജയ് കുമാർ സിങാണ് മണ്ഡലത്തില്‍ മുന്നിലുള്ളത്. ആർജെഡിയുടെ മുകേഷ് കുമാർ റോഷൻ രണ്ടാമതാണ്. തേജ് പ്രതാപിന് മണ്ഡലത്തില്‍ 26426 വോട്ട് മാത്രമാണ് 19 റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ നേടാനായത്. ഒരു ഘട്ടത്തില്‍ എഐഎംഐഎം സ്ഥാനാർത്ഥിക്കും പിന്നില്‍ നാലാം സ്ഥാനത്തായിരുന്നു തേജ് പ്രതാപ് യാദവ്.

ഇക്കഴിഞ്ഞ മെയ് 25 നാണ് തേജ് പ്രതാപ് യാദവിനെ ആറ് വർഷത്തേക്ക് ആർജെഡിയില്‍ നിന്ന് പുറത്താക്കിയത്. ഒരു സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്ത തേജ് പ്രതാപ് യാദവ്, തൻ്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലാലു പ്രസാദ് യാദവ് ഇത് വിശ്വസിച്ചില്ലെന്ന് മാത്രമല്ല, നിരുത്തരവാദപരമായ സ്വഭാവമെന്ന് വിമർശിക്കുകയും പാർട്ടിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക