കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐയില്‍ നിന്നും രാജിവെച്ചു. ഡെപ്യൂട്ടി മേയർ കെ എ അൻസിയയാണ് പാർട്ടിവിട്ടത്.തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തില്‍ അതൃപ്തി അറിയിച്ചാണ് അൻസിയ സിപിഐ വിട്ടത്. മട്ടാഞ്ചേരി അഞ്ചാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് അൻസിയ. അനർഹർക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് അൻസിയ സിപിഐയില്‍ നിന്നും രാജിവെച്ചത്.
അര നൂറ്റാണ്ടോളം മുസ്ലീം ലീഗിന്റെ കുത്തക സീറ്റായിരുന്നു മട്ടാഞ്ചേരി അഞ്ചാം ഡിവിഷൻ. കഴിഞ്ഞ തവണയാണ് അൻസിയയിലൂടെ സിപിഐ ഈ ഡിവിഷൻ പിടിച്ചെടുത്തത്. ഇക്കുറി ആറാം ഡിവിഷനാണ് സിപിഐക്ക് ലഭിച്ചത്. ഇവിടെ പാർട്ടി അംഗമല്ലാത്ത ആളെ ഇവിടെ സ്ഥാനാർത്ഥിയായി തീരുമാനിച്ചു എന്നാണ് അൻസിയ ആരോപിക്കുന്നത്.
രാജിവച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അൻസിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ഇതുവരെയുള്ള പ്രവർത്തനങ്ങളില്‍ മേയർക്കൊപ്പം നിന്നു. ലീഗിന്റെ കോട്ടയില്‍ നിന്നാണ് ജയിച്ചുവന്നത്. പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം പാർട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍, പാർട്ടിയുടെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നില്ല. ആറാം ഡിവിഷനാണ് ഇത്തവണ സിപിഐയുടെ സീറ്റ്. മത്സരിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞതാണ്. മഹിളാ സംഘത്തില്‍ നന്നായി പ്രവർത്തിക്കുന്ന രണ്ടുപേരുടെ പേരുകള്‍ നിർദ്ദേശിക്കുകയും ചെയ്തു. എന്നാല്‍, അർഹതയില്ലാത്ത ആളുടെ പേരാണ് അന്തിമമായി വന്നത്. പ്രസ്ഥാനം വ്യക്തികളിലേക്ക് ഒതുങ്ങിപോയി. പാർട്ടിയില്‍ മെമ്ബർഷിപ്പ് പോലുമില്ലാത്ത ആളാണ് നിലവിലെ സ്ഥാനാർത്ഥി’-അൻസിയ പറഞ്ഞു.





