ലോകത്തിലെ ആദ്യത്തെ എഐ-ജനറേറ്റഡ് മന്ത്രിയായ ‘ഡിയല്ല’ ഗർഭിണിയാണെന്ന് അല്‍ബേനിയൻ പ്രധാനമന്ത്രി എഡി രാമ. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെൻ്റ് അംഗത്തിനും വേണ്ടി 83 എഐ ‘കുട്ടികള്‍’ അഥവാ അസിസ്റ്റന്റുമാരെ സൃഷ്ടിക്കാനുള്ള പദ്ധതി പ്രഖ്യാപനമായിരുന്നു അത്. ബെർലിനില്‍ നടന്ന ഗ്ലോബല്‍ ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങള്‍ ഡിയല്ലയെ ഇവിടെ കൊണ്ടുവന്ന് ഒരു വലിയ റിസ്ക് എടുത്തു, അത് വിജയിച്ചു. അതിനാല്‍ ആദ്യമായി ഡിയല്ല ഗർഭിണിയാണ്, 83 കുട്ടികളുണ്ട്,” പ്രധാനമന്ത്രി രാമ പറഞ്ഞു.
എന്താണ് ഈ 83 കുട്ടികള്‍ ?
സോഷ്യലിസ്റ്റ് പാർട്ടിയുടെ 83 പാർലമെൻ്റ് അംഗങ്ങളുടെ അസിസ്റ്റൻ്റുമാരായിട്ടാണ് ഈ എഐ ‘കുട്ടികള്‍’ പ്രവർത്തിക്കുക. പാർലമെൻ്റില്‍ നടക്കുന്ന കാര്യങ്ങള്‍ പൂർണ്ണമായി രേഖപ്പെടുത്താനും, എംപിമാർക്ക് നഷ്ടമാകുന്ന ചർച്ചകളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കാനും ഈ അസിസ്റ്റൻ്റുമാർക്ക് സാധിക്കും. “അവരോരോരുത്തരും പാർലമെൻ്റ് സെഷനുകളില്‍ പങ്കെടുക്കുന്ന അസിസ്റ്റൻ്റുമാരായി പ്രവർത്തിക്കും. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തും എംപിമാർക്ക് നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഈ കുട്ടികള്‍ക്ക് അവരുടെ അമ്മ ഡിയല്ലയുടെ അറിവുണ്ടാകും,” രാമ വിശദീകരിച്ചു. 2026 അവസാനത്തോടെ ഈ സിസ്റ്റം പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.
പ്രവർത്തന രീതി: എഐ അസിസ്റ്റൻ്റുമാർ എങ്ങനെ പ്രവർത്തിക്കുമെന്നും രാമ വിശദീകരിച്ചു. നിങ്ങള്‍ ഒരു കോഫിക്കായി പോവുകയും തിരികെ ജോലിക്ക് വരാൻ മറക്കുകയും ചെയ്താല്‍, നിങ്ങള്‍ ഹാളില്‍ ഇല്ലാത്തപ്പോള്‍ എന്താണ് പറഞ്ഞതെന്ന് ഈ എഐ കുട്ടി പറയും, ആരെയാണ് നിങ്ങള്‍ പ്രതിരോധിക്കേണ്ടതെന്നും പറഞ്ഞു തരും. അടുത്ത തവണ നിങ്ങള്‍ എന്നെ ക്ഷണിക്കുമ്ബോള്‍, ഡിയല്ലയുടെ 83 കുട്ടികള്‍ക്കായി നിങ്ങള്‍ക്ക് 83 അധിക സ്ക്രീനുകള്‍ വേണ്ടി വരും,” അദ്ദേഹം തമാശ രൂപത്തില്‍ പറഞ്ഞു.
ആരാണ് ‘ഡിയല്ല’?’ സൂര്യൻ’ എന്ന് അർത്ഥം വരുന്ന ഡിയല്ലയെ ഈ വർഷം സെപ്റ്റംബറിലാണ് അല്‍ബേനിയൻ സർക്കാർ ഔദ്യോഗികമായി നിയമിച്ചത്. അല്‍ബേനിയയുടെ പൊതു സംഭരണ സംവിധാനം പൂർണ്ണമായും സുതാര്യവും അഴിമതി രഹിതവുമാക്കുക എന്നതാണ് ഡിയല്ലയുടെ ചുമതല. കോഡിൻ്റെയും പിക്സലുകളുടെയും രൂപത്തിലുള്ള ഒരു എഐ എൻ്റിറ്റിയാണ് ഡിയല്ല. പൊതു ടെൻഡറുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്ന ചുമതല ഡിയല്ലയ്ക്കാണ് നല്‍കിയിരിക്കുന്നത്. ടെൻഡർ നടപടിക്രമങ്ങള്‍ക്ക് സമർപ്പിക്കുന്ന എല്ലാ പൊതു ഫണ്ടുകളും 100 ശതമാനം സുതാര്യമായിരിക്കുമെന്ന് രാമ ഉറപ്പ് നല്‍കി. ഒരു മനുഷ്യനല്ലാത്ത ഒരു എന്റിറ്റിയെ സർക്കാർ മന്ത്രിയായി ഔദ്യോഗികമായി നിയമിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അല്‍ബേനിയ.










