ബോളിവുഡില്‍ ആരാധകർ ഏറെയുള്ള താരദമ്ബതികളാണ് ദീപിക പദുകോണും രണ്‍ബീർ സിങ്ങും. അബുദാബി ടൂറിസം വകുപ്പിന്റെ പരസ്യത്തില്‍ ഹിജാബ് ധരിച്ച് അഭിനയിച്ചതിന് പിന്നാലെ ദീപിക പദുകോണിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമർശനങ്ങള്‍ ഉയരുകയാണ്. ഭർത്താവ് രണ്‍വീർ സിങ്ങിനൊപ്പമാണ് ദീപിക പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. ദീപിക ഹിജാബ് ധരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചിലർക്ക് വലിയ പ്രശ്നം ആയിരിക്കുന്നത്.
വ്യാജ ഫെമിനിസ്റ്റ് ആണ് നടിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മുൻപൊരിക്കല്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. ഇത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് സംഘപരിവാർ രംഗത്തെത്തിയിരുന്നു. അന്ന് എന്റെ ശരീരം എന്റെ ഇഷ്ടം എന്നായിരുന്നു ദീപിക ഇതിനോട് പ്രതികരിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ‘പണത്തിന് വേണ്ടി ഹിജാബ് ധരിക്കാം, ഹിന്ദു പാരമ്ബര്യം വരുമ്ബോള്‍ എന്റെ തിരഞ്ഞെടുപ്പ്’ എന്നാണോ എന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നു.
എന്നാല്‍ നടിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മസ്ജിദില്‍ കയറിയത് കൊണ്ടാണ് നടി അതിനോട് ബന്ധപ്പെട്ട അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നതെന്നും അമ്ബലങ്ങളില്‍ കയറുമ്ബോഴും ദീപിക അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെന്നും ആരാധകർ ചൂണ്ടികാണിച്ചു. മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനത്തോടെ ആദരിക്കുന്ന നടിക്ക് അഭിനന്ദനങ്ങളും ആരാധകർ കുറിക്കുന്നുണ്ട്. ഇത് അവരുടെ തൊഴില്‍ മാത്രമാണെന്നും വിമർശനങ്ങള്‍ക്കെതിരായി ആരാധകർ പറയുന്നുണ്ട്.





