ഭരണത്തിനായി പ്രധാന മുന്നണികള്‍ കൊമ്ബുകോർക്കുമ്ബോള്‍ നിർണായക ശക്തിയായി ഒരു ചെറുകക്ഷി വരുന്ന പതിവ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിവാണ്. അഞ്ചുകൊല്ലം മുൻപ് നിതീഷ് കുമാറിനും ജെ.ഡി.യുവിനും തലവേദനയായ ലോക്‌ജനശക്തിയുടെ നേതാവ് ചിരാഗ് പാസ്വാന്റെയും റോളില്‍ ഇക്കുറി എത്തുന്നത് തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോർ. പ്രശാന്ത് കഴിഞ്ഞ വർഷം രൂപീകരിച്ച ജൻ സുരാജ് കക്ഷി ബീഹാർ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുമ്ബോള്‍ ത്രികോണ പോരാട്ടത്തിന് വഴി തുറക്കുന്നു.

2020ല്‍ ചിരാഗ് ജെ.ഡി.യുവിനെ മാത്രമാണ് ലക്ഷ്യമിട്ടതെങ്കില്‍ പ്രശാന്ത് എൻ.ഡി.എയ്‌ക്കു പുറമേ മഹാമുന്നണിയുടെ വോട്ടുകളും ഭിന്നിപ്പിച്ചേക്കാം. ഇതു ന്യായീകരിക്കാൻ പ്രശാന്ത് നല്‍കുന്ന കണക്കുകള്‍ ഇങ്ങനെ: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് മുന്നണികള്‍ക്കും ലഭിച്ചത് 72 ശതമാനം വോട്ടുകള്‍. ബാക്കി 28 ശതമാനം വോട്ടുകള്‍ ജൻസുരാജ് നേടും. ഇതുകൂടാതെ ഇരു മുന്നണികളില്‍ നിന്നും പത്തു ശതമാനം വീതം വോട്ടുകളും ചോർത്തുമെന്ന മുന്നറിയിപ്പുമുണ്ട്. ആകെ 48ശതമാനം വോട്ടുകളാണ് പ്രശാന്ത് നോട്ടമിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വോട്ട് സമാഹരിക്കുന്നത് എങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും (2014 ലോക്‌സഭാ തിരഞ്ഞെടുപ്പ്) നിതീഷ് കുമാറിനും (2015 ബീഹാർ നിയമസഭ) മമതാ ബാനർജിക്കും (2021 പശ്‌ചിമ ബംഗാള്‍ ) പറഞ്ഞു കൊടുത്ത പ്രശാന്തിന്റെ വാദങ്ങള്‍ ആർക്കും എഴുതി തള്ളാനാകില്ല. 2015ല്‍ ആർ.ജെ.ഡിക്കും കോണ്‍ഗ്രസിനുമൊപ്പം മഹാമുന്നണിയിലായിരുന്ന നിതീഷിന് ബി.ജെ.പിയെ മറികടക്കാൻ സഹായിച്ചത് പ്രശാന്തിന്റെ തന്ത്രങ്ങളായിരുന്നു.

കഴിഞ്ഞ കൊല്ലം പാർട്ടി പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തുടനീളം യാത്ര നടത്തി സാഹചര്യങ്ങള്‍ പഠിച്ച ശേഷമാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ബ്രാഹ്‌മണ സമുദായാംഗമായ അദ്ദേഹം സവർണ വോട്ടുകളിലും കണ്ണു വയ്‌ക്കുന്നു. വികസനമില്ലായ്‌മ പ്രചാരണ വിഷയമാക്കുമെന്ന് പറഞ്ഞു കഴിഞ്ഞു. ബീഹാറിലെ പരമ്ബരാഗത വോട്ടുബാങ്കുകളെ ഭിന്നിപ്പിക്കാൻ സാദ്ധ്യതയുള്ള പുതിയ എതിരാളിയായാണ് ജൻ സുരാജിന്റെ വരവ്. ബീഹാറിലെ 243 സീറ്റുകളിലും മത്സരിക്കുമെന്നും പ്രശാന്ത് പ്രഖ്യാപിച്ചു. നാളെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. പട്ടികയില്‍ ചില സസ്‌പെൻസുകളുണ്ടാകും. ആദ്യ പട്ടികയില്‍ തന്റെ പേരുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക