നരേന്ദ്രമോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതലക്കോടം സെയ്ന്റ് ജോർജ് പള്ളിയില്‍ കേക്ക് മുറിക്കുമെന്നും കുർബാന നടത്തുമെന്നും ന്യൂനപക്ഷ മോർച്ചയുടെ പോസ്റ്റർ. പള്ളിയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റർ. എന്നാല്‍ ഏതെങ്കിലും പാർട്ടിയുടേയോ വ്യക്തിയുടേയോ ആഘോഷം പള്ളിയില്‍ നടത്തില്ലെന്ന് ഇടവക വികാരി നിഷേധക്കുറിപ്പ് ഇറക്കി. പോസ്റ്ററില്‍ പള്ളിയുടെ ചിത്രം ഉപയോഗിച്ചതിനെ അപലപിച്ചു.
ബുധനാഴ്ച രാവിലെ ഏഴിന് പള്ളിയില്‍ കുർബാനയും കേക്ക് മുറിക്കലും ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ് പങ്കെടുക്കുമെന്നും പോസ്റ്ററിലുണ്ടായിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലില്‍ വിശദീകരണവുമായി എത്തിയത്. സംഭവം വിവാദമായതോടെ പള്ളിയില്‍ യാതൊരു ആഘോഷവും നടത്തിയില്ലെന്ന് ഭാരതീയജനത ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ.നോബിള്‍ മാത്യു, ജില്ലാ അധ്യക്ഷൻ ജോയി കോയിക്കക്കുടി, ബിജെപി ഇടുക്കി നോർത്ത് ജില്ല പ്രസിഡന്റ് പി.പി. സാനു എന്നിവർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആയുരാരോഗ്യസൗഖ്യത്തിനുവേണ്ടി പള്ളിയില്‍ കുർബാന നടത്തുകയും 75 മെഴുകുതിരി കത്തിക്കുകയും ചെയ്തു. പ്രീസ്റ്റ് ഹോമിലാണ് കേക്ക് മുറിച്ചത്. വിശ്വാസികളായ ന്യൂനപക്ഷ മോർച്ച പ്രവർത്തകരെ അറിയിക്കുന്നതിനാണ് പോസ്റ്റർ ഇറക്കിയതെന്നും അതില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ന്യൂനപക്ഷമോർച്ച നേതാക്കള്‍ കുർബാനയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാല്‍, ഷോണ്‍ ജോർജ് വന്നില്ല. വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാല്‍ പങ്കെടുക്കാൻ കഴിയില്ലെന്ന് ജില്ലാനേതൃത്വത്തെ അറിച്ചിരുന്നെന്ന് ഷോണ്‍ ജോർജ് പറഞ്ഞു. കുർബാന നടത്തുന്നതിനായി പള്ളിയില്‍ ആർക്ക് വേണമെങ്കിലും ബുക്ക് ചെയ്യാമെന്നും വ്യക്തികളുടെ പേരില്‍ കുർബാന ചൊല്ലുന്ന രീതിയില്ലെന്നും പള്ളി അധികൃതർ വ്യക്തമാക്കി.
















