സെപ്‌തംബർ ആറിന് രാവിലെ 7.15ന് നേപ്പാളിലെ കോഷി പ്രവിശ്യാ മന്ത്രി റാം ബഹാദൂർ മഗർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക ജീപ്പ് 11 വയസുകാരിയെ ഇടിച്ചുവീഴ്‌ത്തി.രാജ്യത്ത് 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനമേർപ്പെടുത്തി വെറും മണിക്കൂറുകള്‍ മാത്രം പിന്നിടുമ്ബോഴാണ് ലളിത്പൂരിലെ ഹരിസിദ്ധി സെക്കൻഡറി സ്‌കൂള്‍ വിദ്യാർത്ഥിനിയായ ഉഷ മഗർ സുനുവാറിനെ മന്ത്രിയുടെ വാഹനം ഇടിക്കുന്നത്. കുട്ടി റോഡരികിലേക്ക് തെറിച്ച്‌ വീഴുന്നതിന്റെയും സർക്കാർ വാഹനം നിർത്താതെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു.

ഇന്നലെ രാജിവച്ച നേപ്പാള്‍ പ്രധാനമന്ത്രി കെപി ശർമ ഒലി ഈ അപകടത്തെ ഒരു സാധാരണ അപകടം എന്ന് വിശേഷിപ്പിച്ചത് വലിയ വിമർശനങ്ങള്‍ക്ക് വഴിവച്ചു. കുട്ടിയുടെ ചികിത്സാച്ചെലവ് മാത്രം സർക്കാർ നോക്കാം എന്നാണ് ഒലി പറഞ്ഞത്. ഇതോടെ കാഠ്മണ്ഡുവിലെ കോളേജുകളിലും ചായക്കടകളിലും സ്‌കൂളുകളിലുമെല്ലാം പ്രതിഷേധം ഉയർന്നു. അഴിമതി, സ്വജനപക്ഷപാതം, തൊഴിലില്ലായ്‌മ എന്നീ പ്രശ്‌നങ്ങളാല്‍ ദുരിതത്തിലായിരുന്ന ജനങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജീവിക്കാനാകാതെ യുവാക്കള്‍

കഴിഞ്ഞ കുറച്ചധികം നാളുകളായി നേപ്പാളിയെ യുവാക്കള്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്ക് അനുഭവപ്പെടുന്ന രാജ്യമായി നേപ്പാള്‍ മാറിയിരുന്നു. 2024ലെ കണക്കനുസരിച്ച്‌, 15 മുതല്‍ 24 വരെ പ്രായമുള്ളവർക്കിടയില്‍ തൊഴിലില്ലായ്‌മ നിരക്ക് 20.8 ശതമാനമായിരുന്നു. സ്വന്തം രാജ്യത്ത് തൊഴില്‍ ലഭിക്കാതെ ലക്ഷക്കണക്കിന് യുവാക്കള്‍ ഓരോ വർഷവും ഗള്‍ഫിലേക്കും മലേഷ്യയിലേക്കും കുടിയേറി. ബാക്കിയുള്ളവർ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ രാജ്യത്ത് തന്നെനിന്ന് പോരാടുകയാണ്.

സർക്കാരിന്റെ അഴിമതി

തുടർച്ചയായി അഴിമതി ആരോപണങ്ങള്‍ നേരിടുകയായിരുന്നു നിലവിലെ സർക്കാർ. രാഷ്ട്രീയക്കാരുടെ പുത്രന്മാർക്കും പുത്രിമാർക്കും അനന്തരവൻമാർക്കും മാത്രമാണ് ജോലി ലഭിച്ചിരുന്നത്. ഒന്നുകില്‍ രാജ്യം വിടുക അല്ലെങ്കില്‍ സ്വന്തം രാജ്യത്ത് അന്തസില്ലാതെ ജീവിക്കുക എന്നാണ് പല യുവാക്കളും പറയുന്നത്. വിദ്യാസമ്ബന്നരെപ്പോലും ഒഴിവാക്കിയാണ് നേപ്പാളില്‍ ബന്ധുനിയമനം നടത്തിയിരുന്നത്.

ഇത്തരത്തില്‍ രാഷ്‌ട്രീയ നേതാക്കളുടെ മക്കള്‍ തങ്ങളുടെ ആഡംബര ജീവിതം സോഷ്യല്‍ മീഡിയയില്‍ പ്രദർശിപ്പിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും ഇവർ നിറസാന്നിദ്ധ്യവുമായി. എന്നാല്‍, ഇത്രയും ആഡംബരം കാണിക്കാനുള്ള പണം അവർക്ക് എവിടെനിന്നാണെന്നത് വ്യക്തമായിരുന്നില്ല. ഇതെല്ലാം സാധാരണ ജനങ്ങള്‍ അനുഭവിക്കേണ്ട പണമായിരുന്നു.

ഇത്തരത്തില്‍ അധികാര ദുർവിനിയോഗം നടത്തുന്നവർക്കെതിരെ പ്രതിഷേധിക്കേണ്ടത് അനിവാര്യമായിരുന്നു എന്നാണ് ഇപ്പോള്‍ പലരും അഭിപ്രായപ്പെടുന്നത്. ഒലിയെ കള്ളനെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. ജനാധിപത്യമെന്ന് പറഞ്ഞ് വളർന്നിട്ട് രാജ്യത്ത് കണ്ടതെല്ലാം മന്ത്രിമാരുടെ രാജവാഴ്‌ചയാണെന്നാണ് യുവാക്കള്‍ പറയുന്നത്.

അഴിമതിയും സ്വജനപക്ഷപാതവും യഥാർത്ഥ പ്രശ്നങ്ങളാണ്. പക്ഷേ, ഇതിനെയെല്ലാം നിയമപരമായ മാർഗങ്ങളിലൂടെയും ഭരണഘടനയിലൂടെയും വേണം പരിഹരിക്കാനെന്നാണ് നേപ്പാളി കോണ്‍ഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ എൻപി സൗദ് പറഞ്ഞത്. എന്നാല്‍, പ്രതിഷേധത്തിനിടെ നിരവധി യുവാക്കള്‍ മരിച്ചു. ഇതോടെ കൂടുതല്‍ യുവാക്കള്‍ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു. വീടിനുള്ളിലിരിക്കാൻ തങ്ങളുടെ മനുഷ്യത്വം അനുവദിക്കില്ലെന്നും മരിച്ചവർക്ക് നീതി വേണമെന്നുമാണ് അവർ പറയുന്നത്.

സോഷ്യല്‍ മീഡിയ നിരോധനം പിൻവലിച്ചിട്ട് പോലും ഇപ്പോഴും രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. കടുത്ത പ്രതിസന്ധിയിലാണ് രാജ്യം. പ്രക്ഷോഭകർ പാർലമെന്റിനും സുപ്രീം കോടതിക്കും പ്രസിഡന്റിന്റെ ഓഫീസിനും തീയിട്ടു. പ്രക്ഷോഭത്തിനിടെ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജലക്ഷ്‌മി ചിത്രകാർ തീപിടിച്ച വീട്ടില്‍ കുടുങ്ങി വെന്തുമരിച്ചു. ധനകാര്യ മന്ത്രി ബിഷ്‌ണു പൗഡേലിനെ ജനക്കൂട്ടം തെരുവില്‍ ആക്രമിച്ചു. നേപ്പാളി കോണ്‍ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഷെർ ബഹാദുർ ദുബെയുടെ വീടാക്രമിച്ച പ്രക്ഷോഭകാരികള്‍ അദ്ദേഹത്തിന്റെ ഭാര്യയെയും വിദേശകാര്യമന്ത്രിയുമായ അൻസു റാണയെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക