കൊച്ചിയില്‍ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച കേസില്‍ നടി ലക്ഷ്മി മേനോൻ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാർത്ത കുറച്ച്‌ ഞെട്ടലോടെ ആണ് ആരാധകർ കേട്ടത്.ഈ കേസില്‍ ലക്ഷ്മിയുടെ പേര് ചേർക്കുകയും ചോദ്യം ചെയ്യാൻ ലക്ഷ്മിയോട് ഹാജരാകാൻ ആവശ്യപ്പെടുകയും കൂടി ചെയ്തതോടെ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് താരം.

പ്രാദേശിക മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം, നടിയും സംഘവും യുവാവിന്റെ വാഹനം റോഡില്‍ തടയുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തതിന് വീഡിയോ തെളിവുകള്‍ ഉണ്ട്. പിന്നീട് യുവാവിനെ കാറില്‍ നിന്ന് വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കൊണ്ടുപോയി ഉപദ്രവിക്കുക ആയിരുന്നു. ലക്ഷ്മി മേനോന്റെ കരിയറില്‍ ഒരു ബ്ലാക്ക് മാർക്ക് വീഴ്ത്തിയിരിക്കുകയാണ് ഈ സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരാണ് ലക്ഷ്മി മേനോൻ?

1996 മെയ് 19 ന് ദുബായില്‍ ആർട്ടിസ്റ്റ് ആയിരുന്ന രാമകൃഷ്ണന്റെയും നൃത്ത അധ്യാപികയായ ഉഷാ മേനോന്റെയും മകളായി ആണ് ലക്ഷ്മി മേനോൻ ജനിച്ചത്. കൊച്ചി ആണ് സ്വന്തം സ്ഥലം. പ്രധാനമായും തമിഴ് സിനിമയിലാണ് ലക്ഷ്മി പ്രവർത്തിക്കുന്നത് എങ്കിലും രഘുവിന്റെ സ്വന്തം റസിയ (2011) എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.

ചെറുപ്പം മുതല്‍ നൃത്തം പഠിക്കുന്ന ലക്ഷ്മിയുടെ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഭരതനാട്യം വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് സംവിധായകൻ വിനയൻ ആണ് ലക്ഷ്മിയ്ക്ക് ആദ്യമായി സിനിമയില്‍ അഭിനയിക്കാൻ അവസരം നല്‍കുന്നത്. അങ്ങനെയാണ് എട്ടാം ക്‌ളാസില്‍ പഠിക്കുന്ന സമയത്ത് ലക്ഷ്മി രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് അലി അക്ബർ സംവിധാനം ചെയ്ത ഐഡിയല്‍ കപ്പിള്‍ എന്ന മറ്റൊരു മലയാള ചിത്രത്തില്‍ വിനീതിനൊപ്പം നായികയായി അഭിനയിച്ചു.

ലക്ഷ്മിയുടെ മലയാള സിനിമയിലെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ പ്രഭാകരൻ, എം ശശികുമാർ നായകനായ സുന്ദരപാണ്ഡ്യൻ (2012) എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിക്കാൻ അവസരം നല്‍കിയത്. സുന്ദര പാണ്ഡ്യൻ ആയിരുന്നു ലക്ഷ്മി നായികയായ ആദ്യ തമിഴ് സിനിമ. പിന്നീട് സംവിധായകൻ പ്രഭു സോളമൻ, നടൻ വിക്രം പ്രഭുവിനൊപ്പം കുംകി എന്ന ചിത്രത്തില്‍ ലക്ഷ്മിയെ നായികയായി അവതരിപ്പിച്ചു. പിന്നീട് അങ്ങോട്ട് ലക്ഷ്മിയുടെ ജീവിതത്തിലെ വസന്തകാലം ആയിരുന്നു. തുടരെത്തുടരെ തമിഴ് സിനിമകള്‍ ചെയ്തുകൊണ്ട്, ലക്ഷ്മി കോളിവുഡിലെ മുൻനിര നായികമാർക്കൊപ്പം സ്ഥാനം നേടി.

14 വർഷത്തോളമായി അഭിനയ ലോകത്ത് സജീവമായ ലക്ഷ്മി നിരവധി നിരൂപക പ്രശംസയും അവാർഡുകളും ഇതിനോടകം നേടിക്കഴിഞ്ഞു. സൗത്ത് ഫിലിംഫെയർ അവാർഡ് , തമിഴ്നാട് സംസ്ഥാന സർക്കാർ ചലച്ചിത്ര അവാർഡ്, രണ്ട് സൈമ അവാർഡുകള്‍ എന്നിവ ഉള്‍പ്പെടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ആളുകൂടിയാണ് ലക്ഷ്മി. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന ഈ സമയത്താണ് ലക്ഷ്മിയുടെ പേരില്‍ ഇങ്ങനെ ഒരു തട്ടിക്കൊണ്ടുപോകലും മർദ്ദനവും ഉള്‍പ്പെടുന്ന ഒരു ആരോപണവും കേസും ഉയരുന്നത്. ഇതുവരെയും വാർത്തകളോട് ലക്ഷ്മി പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക