കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ മുഴുവൻ പൊലീസുകാരെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി.അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവൻ പ്രതികളെയും വെറുതെവിടാൻ ഹൈക്കോടതി വിധിച്ചത്. ഒന്നാംപ്രതിയുടെ വധശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. സിബിഐ കോടതി വിധിക്കെതിരേ പ്രതികള്‍ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തിരുവനന്തപുരം കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടില്‍ ഉദയകുമാർ(28) മരിച്ച സംഭവം കേരളമനസാക്ഷിയെ തന്നെ പിടിച്ചുലച്ചിരുന്നു. 2005 സെപ്റ്റംബർ 27-ന് രാത്രിയാണ് ക്രൂരമർദനത്തിനൊടുവില്‍ തുടയിലെ രക്തധമനികള്‍ പൊട്ടി ഉദയകുമാർ മരിച്ചത്. തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്ഠേശ്വരം പാർക്കില്‍നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പമാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനില്‍ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി ഉദയകുമാറിനെ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2008 ഓഗസ്റ്റിലാണ് സിബിഐ ഏറ്റെടുത്തത്. പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. തുടർന്ന് പൊലീസുകാരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിക്കുകയും 2018 ജൂലായ് 25-ന് പ്രതികളെ ശിക്ഷിക്കുകയുമായിരുന്നു.

കേസിലെ ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാർ, ശ്രീകുമാർ എന്നിവർക്ക് വധശിക്ഷയാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഇരുവർക്കും രണ്ടുലക്ഷം രൂപ വീതം പിഴയും ചുമത്തിയിരുന്നു. ഈ തുക ഉദയകുമാറിന്റെ അമ്മയ്ക്ക് നല്‍കാനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ. നാസർ ഉത്തരവിട്ടിരുന്നു. ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാർ, എസ്.വി.ശ്രീകുമാർ എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായാണ് കോടതി ഉത്തരവിലുണ്ടായിരുന്നത്. അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാംപ്രതി ശ്രീകുമാർ പിന്നീട് മരിച്ചു.

കേസിലെ അഞ്ചു മുതല്‍ ഏഴു വരെ പ്രതികളായ ഡിവൈഎസ്പി അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവർക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞിരുന്നു. കൊലപാതകം നടക്കുമ്ബോള്‍ അജിത്കുമാർ ഫോർട്ട് സ്റ്റേഷനിലെ എസ്‌ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മിഷണറും. മൂന്നാംപ്രതി എഎസ്‌ഐ കെ.വി.സോമനെയും കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയിരുന്നെങ്കിലും വിചാരണയ്ക്കിടെ ഇദ്ദേഹം മരിച്ചിരുന്നു. നാലാം പ്രതി വി.പി.മോഹനനെ കോടതി നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക