മഹാത്മാ ഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്സെയെ കൊടിയ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും സംഘപരിവാർ നേതാവുമായ ഉമാ ഭാരതി.ഗോഡ്സെയുടെ പ്രവൃത്തി ഭീകരതയ്ക്കും അപ്പുറമുള്ള മഹാപാപമാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതി പറഞ്ഞു. ഒരു സ്വകാര്യ ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവർ ഗോഡ്സെയെ ശക്തമായി വിമർശിക്കുകയും ഗാന്ധിജിയെ പ്രശംസിക്കുകയും ചെയ്തത്.
“നാഥുറാം ഗോഡ്സെ ഒരു ഹിന്ദുവാണോ? ഒരു ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ല,” ഉമാ ഭാരതി ചോദിച്ചു. “സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ കണ്ട ഗാന്ധിജിയെ കൊലപ്പെടുത്തിയവനാണ് ഗോഡ്സെ. വിദേശ വായ്പകളെ ആശ്രയിക്കാതെ സ്വാശ്രയ ഇന്ത്യ സൃഷ്ടിക്കുകയായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. അഹിംസാ പ്രസ്ഥാനങ്ങളെ ബഹുജന മുന്നേറ്റമാക്കി മാറ്റിയ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന് നല്‍കിയ സംഭാവന അതുല്യമാണ്,” അവർ കൂട്ടിച്ചേർത്തു.
“ഗാന്ധിജി 20 വർഷം കൂടി ജീവിച്ചിരുന്നെങ്കില്‍, അമേരിക്ക നമ്മുടെ മേല്‍ തീരുവ ചുമത്തില്ലായിരുന്നു. മറിച്ച്, നാം അമേരിക്കയുടെ മേല്‍ തീരുവ ചുമത്തുന്ന സ്ഥിതിയുണ്ടാകുമായിരുന്നു,” ഉമാ ഭാരതി അഭിപ്രായപ്പെട്ടു. ഗോഡ്സെയുടെ പ്രവൃത്തിയെ ‘തീവ്രവാദം’ എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത് പോലും ആ പാപത്തിന്റെ ഗൗരവം കുറയ്ക്കലാണെന്നും അവർ വ്യക്തമാക്കി.
ബാബരി മസ്ജിദിന്റെ തകര്ച്ചയിലേക്ക് നയിച്ച രഥയാത്രയുടെ സംഘാടകരിലൊരാളും പള്ളി തകര്ത്ത കേസിലെ പ്രതിയുമായ ഉമാഭാരതിയുടെ ഗോഡ്സെ വിരുദ്ധ പ്രസ്താവന ഹിന്ദുത്വവാദി നേതാക്കളെ അമ്ബരപ്പിച്ചിട്ടുണ്ട്. ഗോഡ്സെയെ ആരാധിക്കുന്ന തീവ്ര ഹിന്ദുത്വവാദികള്‍ക്കിടയില്‍ ഈ നിലപാട് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയേക്കാം.





