കങ്കണ റണൗട്ട് എംപിയോട് സംസാരിക്കാൻ ശ്രമിക്കവെ എൻ.കെ. പ്രേമചന്ദ്രൻ എംപിയോട് സുരക്ഷാ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് വിമർശനം.ഇത് മോശം സമീപനമെന്ന് പ്രിയങ്ക ചതുർവേദി എംപി എക്സില്‍ കുറിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ എത്തിയതായിരുന്നു കങ്കണ. അകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയ കങ്കണയെ സ്ഥാനാർഥികളായ രാജീവ് പ്രതാപ് റൂഡിയും സഞ്ജീവ് ബല്യനും അഭിസംബോധന ചെയ്യുന്നുണ്ട്. ഇതിനിടെയാണ് എൻ.കെ. പ്രേമചന്ദ്രൻ കങ്കണയോട് സംസാരിക്കാനായി അടുത്തേക്കുവന്നത്. എന്നാല്‍, കങ്കണയുടെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പ്രേമചന്ദ്രനെ തള്ളിമാറ്റുകയായിരുന്നു.
മുതിർന്ന എംപിയോട് മറ്റൊരു എംപി നടത്തിയ പെരുമാറ്റം ലജ്ജിപ്പിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാകാത്തതും ശുദ്ധ അസംബന്ധവുമാണെന്ന് പ്രിയങ്കാ ചതുർവേദി വിമർശിച്ചു.കൂടെയുണ്ടായിരുന്ന സിഐഎസ്‌എഫ് ഉദ്യോഗസ്ഥരാണ് എൻ.കെ. പ്രേമചന്ദ്രനെ തള്ളിമാറ്റിയതെന്നായിരുന്നു പ്രിയങ്കാ ചതുർവേദി പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍, ഇത് സിഐഎസ്‌എഫ് ഉദ്യോഗസ്ഥനല്ല എന്നു വ്യക്തമാക്കിക്കൊണ്ട് സിഐഎസ്‌എഫ് രംഗത്തെത്തിയിട്ടുണ്ട്.








