മത്സരത്തില്‍ പരാജയപ്പെട്ടതോടെ എതിരാളിയെ അശ്ലീല ആംഗ്യം കാണിച്ച് പാകിസ്ഥാൻ താരമായ യുവതി. പാക് സ്ക്വാഷ് താരമായ മെഹ്‍വിഷ് അലിയാണ് തന്റെ എതിരാളിയായ ഹോങ്കോങ് താരം ചുങ് യുലിനോട് പരാജയപ്പെട്ടതിന് പിന്നാലെ അശ്ലീല ആംഗ്യം കാണിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.ദക്ഷിണകൊറിയയില്‍ നടക്കുന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാംപ്യൻഷിപ് മത്സരത്തിനിടെയാണ് മെഹ്‍വിഷ് അലി അശ്ലീല ആംഗ്യം കാണിച്ചത്.
പ്രീക്വാർട്ടർ പോരാട്ടത്തില്‍ ഹോങ്കോങ്ങിന്റെ ചുങ് യുലിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് മെഹ്‍വിഷ് അലി ഹസ്തദാനം നല്‍കേണ്ടതിന് പകരം അശ്ലീല ആംഗ്യം കാണിച്ച ശേഷം കളം വിട്ടത്.11-13,5-11, 11-13,4-11 എന്ന സ്കോറിനായിരുന്നു പാക്ക് താരത്തിന്റെ തോല്‍വി. തൊട്ടുപിന്നാലെ ഹസ്തദാനം നടത്തുന്നതിനു പകരം പാകിസ്ഥാൻ താരം അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വൻ വിവാദമായി.
മത്സര വേദിയില്‍വച്ചു തന്നെ ഹോങ്കോങ് താരം പ്രതിഷേധിച്ചതോടെ മെഹ്‍വിഷ് അലിക്കെതിരെ അച്ചടക്ക നടപടി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.പാക് താരങ്ങളുടെ മോശം പെരുമാറ്റം പലപ്പോഴും സംഭവിക്കാറുണ്ട്. മത്സരങ്ങള്‍ക്കിടയിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പാകിസ്ഥാൻ താരങ്ങള്‍ വിവാദത്തിലാകുന്നത് ആദ്യ സംഭവമല്ല.
മേയില്‍ നടന്ന അണ്ടർ 16 ഡേവിസ് കപ്പ് മത്സരത്തിനിടെ ഷെയ്ക് ഹാൻഡ് കൊടുക്കാൻ ചെന്ന ഇന്ത്യൻ താരത്തിന്റെ കയ്യില്‍ പാകിസ്ഥാൻ താരം അടിച്ചത് വൻ വിവാദമായിരുന്നു. അതിനിടെ, പ്രീ ക്വാർട്ടറില്‍ പാക് താരത്തെ പരാജയപ്പെടുത്തിയ ചുങ് യുലിനെ ക്വാർട്ടറില്‍ ഇന്ത്യയുടെ അങ്കിത ദുബെ കീഴടക്കി.









