കാന്താര 2 സിനിമയുടെ ലൊക്കേഷനില്‍ വീണ്ടും മരണം. മലയാള നടനും മിമിക്രി താരവുമായ കലാഭവൻ നിജുവാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്. ചിത്രീകരണം പുരോഗമിക്കുന്ന കാന്താര 2വിന്‍റെ ബംഗളൂരുവിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അന്ത്യം. ജൂനിയര്‍ ആർടിസ്റ്റുകള്‍ക്കായി ഒരുക്കിയ ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്ന നിജുവിന് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഓഡിഷൻ വഴിയാണ് ഈ സിനിമയില്‍ നിജുവിന് അവസരം ലഭിക്കുന്നത്. തൃശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയാണ് അദ്ദേഹം. തൃശൂർ ജില്ലയിലെ ഏറ്റവും അറിയപ്പെടുന്ന മിമിക്രി കലാകാരന്മാരില്‍ ഒരാളും കൂടിയാണ്. 25 വർഷമായി മലയാള മിമിക്രി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. കലാഭവനുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത് ഈ അടുത്ത കാലത്താണ്. ചെറിയ ചെറിയ സിനിമകളില്‍ വേഷമിട്ട് തുടങ്ങിയ നിജുവിന് ശ്രദ്ധേയ വേഷം ലഭിക്കുന്നത് ‘മാളികപ്പുറം’ എന്ന സിനിമയിലൂടെ ആയിരുന്നു. തുടർന്ന് ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രത്തിലും വേഷമിട്ടു.
‘കാന്താര 2’ സിനിമയുടെ സെറ്റില്‍ മരണമടയുന്ന രണ്ടാമത്തെ മലയാളിയും മൂന്നാമത്തെ നടനുമാണ് നിജു. സിനിമയുമായി ബന്ധപ്പെട്ടു തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദുരൂഹമായി അവശേഷിക്കുകയാണ്.രണ്ടാഴ്ച മുമ്ബാണ് കാന്താര ചാപ്റ്റർ വണ്ണില്‍ (കാന്താര 2) പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33-കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. ഉടൻ തന്നെ നടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ഇതേ സിനിമയില്‍ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചത്. മേയ് ആറിനാണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരില്‍ ചൊവ്വാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അപകടം.









