രഞ്ജിത്തിന്റെ സംവിധാനത്തില്‍ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റില്‍ കാർ അപകടത്തില്‍പ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ് അപകടം സംഭവിച്ചത്.നടൻ വിശാല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങളായി നിരവധി പ്രോജക്ടുകളില്‍ രാജുവിനൊപ്പം സഹകരിച്ചിട്ടുള്ള വിശാല്‍ സോഷ്യല്‍ മീഡിയയില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.2021ലെ സര്‍പാട്ട പരമ്ബരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ബുദ്ധിമുട്ടേറിയ ഒരു കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന് ദാരുണാന്ത്യം ഉണ്ടായത്.
‘ഇന്ന് രാവിലെ രഞ്ജിത്തിന്റെ സിനിമയില്‍ കാർ മറിഞ്ഞു വീഴുന്ന രംഗം ചെയ്യുന്നതിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു എന്ന വസ്തുത ഉള്‍ക്കൊള്ളാൻ പ്രയാസമാണ്. വർഷങ്ങളായി രാജുവിനെ അറിയാം, എന്റെ സിനിമകളില്‍ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്തിട്ടുണ്ട്, കാരണം അദ്ദേഹം വളരെ ധീരനായ വ്യക്തിയാണ്. എന്റെ അഗാധമായ അനുശോചനങ്ങള്‍, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,’ വിശാല്‍ കുറിച്ചു.തമിഴ് സിനിമയിലെ നിരവധി നടന്മാർ ആദരാഞ്ജലികള്‍ അറിയിച്ച് പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. സ്റ്റണ്ട് കൊറിയോഗ്രാഫർ സില്‍വ ഇദ്ദേഹത്തില്‍ വിയോഗത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. സിനിമയിലെ നടനോ സംവിധയകനോ ഇക്കാര്യത്തില്‍ ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

















