സാധാരണക്കാരന്റെ നടുവൊടിച്ച്‌ പച്ചക്കറികള്‍ക്കൊപ്പം മത്സ്യത്തിന്റെയും ഇറച്ചിയുടെയും വില കുതിച്ചുയരുന്നു. അവശ്യ സാധനങ്ങള്‍ക്ക് വൻ തോതില്‍ വില വർധിക്കാൻ തുടങ്ങിയതോടെ അടുക്കള മെനു വെട്ടിക്കുറക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. തേങ്ങക്ക് കിലോ വില 85 രൂപയിലേക്ക് കുതിച്ചുയർന്നതോടെ വെളിച്ചെണ്ണ വില 340 ലെത്തി. തക്കാളിക്ക് ആഴ്ചകള്‍ക്കകം ഇരട്ടിയോളം വിലയാണ് വർധിച്ചത്. 35 രൂപയാണ് ഇപ്പോഴത്തെ വില.

രണ്ടാഴ്ച മുമ്ബ് 70 മുതല്‍ 80 രൂപ വരെ വിലയുണ്ടായിരുന്ന ബീൻസിന് 110 മുതല്‍ 120 രൂപ വരേയാണ് വില. 40 രൂപ വിലയുണ്ടായിരുന്ന പയറിന്റെ ബുധനാഴ്ചത്തെ ചില്ലറ വില്‍പന വില 70 രൂപയാണ്. 40 രൂപയുണ്ടായിരുന്ന വെണ്ടക്ക 70ല്‍ എത്തി. 60 രൂപയുണ്ടായിരുന്ന മുരിങ്ങക്ക് 120 രൂപയാണ് ഇപ്പോഴത്തെ ചില്ലറ വില്‍പന വില. ഊട്ടി കാരറ്റിന് 70 രൂപയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇറച്ചിക്കും വില കുതിക്കുന്നുണ്ട്. കോഴിയിറച്ചി സീസണ്‍ അല്ലാതിരിന്നിട്ടു കൂടി കിലോഗ്രാമിന് 200നു മുകളിലാണ്. ബുധനാഴ്ച ചില്ലറ വില്‍പനയില്‍ 210 മുതല്‍ 240 രൂപ വരെയാണ് കോഴിയിറച്ചിക്ക്.വില കൂടിയതോടെ വില്‍പനയും കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലവർധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബീഫിനും വില വർധിച്ചിട്ടുണ്ട്. കിലോഗ്രാമിന് 320 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ 370 മുതല്‍ 400 രൂപ വരെയെത്തി. മീനിനും കോഴിയിറച്ചിക്കും ബീഫിനുമെല്ലാം വില കൂടിയതോടെ ഇവ ഉപയോഗിച്ച്‌ പാകം ചെയ്യുന്ന വിഭവങ്ങള്‍ക്കും ചില ഹോട്ടലുകള്‍ വില വർധിപ്പിച്ചിട്ടുണ്ട്.

പിടിവിട്ട് മീൻ: ട്രോളിങ് നിരോധനത്തിന് മുമ്ബുതന്നെ മീൻ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. കടല്‍ ക്ഷോഭം കാരണം പല വള്ളങ്ങളും തിരിച്ചുപോരേണ്ടി വരുന്നതും മീനിന്റെ ലഭ്യതക്കുറവുമാണ് മത്സ്യങ്ങളുടെ വില വർധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ചെലവുള്ള മത്തിക്ക്(ചാള) പെരുന്നാള്‍ പിറ്റേന്ന് 200 രൂപയായിരുന്നു വില. എന്നാല്‍ ബുധനാഴ്ച ഇത് 260 രൂപയിലെത്തി.നത്തോലി, കോര പോലുള്ള മീനുകളേക്കാള്‍ കൂടുതല്‍ വില മത്തിക്കായി. പെരുന്നാളിന് മുമ്ബ് മത്തിവില 300 കടന്നിരുന്നു. കടലില്‍ മത്തിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് മീൻപിടിത്തക്കാർ പറയുന്നത്.

240 രൂപയുണ്ടായിരുന്ന അയലക്ക് 300 രൂപയായി. അയക്കൂറ, ആവോലി തുടങ്ങിയ വി.ഐ.പി മീനുകള്‍ക്കും വില വർധിച്ചു.അയക്കൂറ കിലോക്ക് 1300 രൂപയാണ് ഇപ്പോഴത്തെ വില. ട്രോളിങ് നിരോധനം കൂടി വന്നതോടെ മത്സ്യത്തിന് ഇനിയും വില കൂടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. തീൻ മേശകളിലെ പ്രധാന വിഭവങ്ങള്‍ക്ക് വില കുതിച്ചുയർന്നതോടെ കുടുംബ ബജറ്റ് താളം തെറ്റാതെ പിടിച്ചുനിര്‍ത്താന്‍ വീട്ടമ്മമാർ പാടുപെടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക