കടകളില്‍ നിന്നും പാല്‍ വാങ്ങുന്ന ഭൂരിഭാഗം പേരും കവർ പാലായിരിക്കും വാങ്ങുക. ഈ കവറുകള്‍ പാല്‍ ഉപയോഗിച്ച ശേഷം സൂക്ഷിച്ചുവെച്ച് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കോ പ്ലാസ്റ്റിക് ശേഖരിക്കുന്ന മറ്റ് സംഘങ്ങള്‍ക്കോ കൈമാറുകയാണ് ഏറെ പേരും ചെയ്യാറുള്ള കാര്യം.എന്നാല്‍ പാല്‍ കവറുള്‍പ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വേര്‍തിരിച്ച് സംസ്‌കരിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയാണ് ഇപ്പോള്‍ മില്‍മ.
പാല്‍ കവറുകള്‍ക്കുള്ളിലെ വെള്ളത്തിന്റെ അംശത്തെ പറ്റി പലരും ചിന്തിക്കാറില്ല. പാല്‍ കവറുകള്‍ പ്രത്യേകം മാറ്റിയാല്‍ മാത്രം പോര, വെള്ളം കളഞ്ഞുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മില്‍മയുടെ ഔദ്യോഗിക സമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോ ഉപയോഗശേഷം പാല്‍കവറുകള്‍ ഹരിതകര്‍മ്മ സേനയ്ക്ക് എങ്ങനെ നല്‍കണമെന്ന് വ്യക്തമാക്കുകയാണ്.
നനവോടെ പ്ലാസ്റ്റിക് കവറുകള്‍ കൂട്ടിവെച്ചാല്‍ ബാക്ടീരിയും പ്രാണികളും ഇവയില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്. പാലിൻ്റെ അംശം കവറിനുള്ളിലുണ്ടെങ്കില്‍ അസഹനീയമായ ദുര്‍ഗന്ധവുമുണ്ടാകും. ഇത് ഒഴിവാക്കാനായി ഉപയോഗശേഷം പാല്‍കവര്‍ മുഴുവനായി മുറിച്ച് കഴുകി വൃത്തിയാക്കാം. ശേഷം നനവ് മാറാന്‍ വെക്കാം. നനവ് പൂര്‍ണ്ണമായി മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷം പാല്‍ കവര്‍ ചാക്കിലോ ബക്കറ്റിലോ ആക്കി സൂക്ഷിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാം.
പാല്‍ കവറിനു മാത്രമല്ല ഈ നനവ് ഇല്ലാതാക്കല്‍ ബാധകമെന്നതും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ പാഠമാണ്. ഫുഡ് ഡെലിവറി ആപ്പുകള്‍ വഴി വാങ്ങുന്ന ഭക്ഷണം പ്ലാസ്റ്റിക് ബോക്‌സുകളിലാകും വീട്ടിലേക്കെത്തുക. ഈ ബോക്‌സുകള്‍ ചിലര്‍ സൂക്ഷിച്ച് വെക്കുമ്ബോള്‍ മറ്റു ചിലര്‍ നനവ് മാറിയെന്ന് ഉറപ്പുവരുത്താതെയാകും പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂട്ടത്തിലേക്ക് മാറ്റുക. ഇത് മാലിന്യം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ കൂടുതല്‍ പ്രയാസകരമാക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക