രണ്ടാം പിണറായി മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് നാലു വർഷം മുമ്ബ് ഇടതു മുന്നണി രണ്ടാമതും അധികാരത്തിലെത്തിയത്.ഇന്നു കാണുന്ന മുന്നണി സംവിധാനം രൂപപ്പെട്ടതിന് ശേഷം കേരളത്തില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ അതുവരെ അധികാര തുടർച്ചയുണ്ടായിട്ടില്ല.

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി അധികാരത്തിലെത്തിയത്. ആ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി 2016 മെയ് 25 ന് ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറി. പിന്നീട് 2021ല്‍ നടന്ന തെരഞ്ഞെടുപ്പിനെ നേരിട്ടത് ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യവുമായാണ്. ആ തെരഞ്ഞെടുപ്പിലും ഇടതു മുന്നണി തന്നെ അധികാരത്തിലെത്തി ചരിത്രം കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021 മേയ് 20-നാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരം നിലനിർത്താനുള്ള പരിശ്രമത്തിലാണ് ഇടതു മുന്നണി. ഭരണനേട്ടം ഉയർത്തിക്കാട്ടിയാകും എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് സിപിഎം വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് കാർഡ് ചർച്ചയാകുന്നത്.

ഒരു സ്വതന്ത്ര വിദഗ്ദ്ധ പാനലിനെ നിയോഗിച്ചാണ് ഇന്ത്യൻ എക്സ്പ്രസ് ഈ പ്രോഗ്രസ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിമാരുടെ പ്രാവീണ്യം, പ്രതികരണശേഷി, പ്രവർത്തനക്ഷമത, പ്രൊഫഷണലിസം, ഇമേജ്, വിശ്വാസ്യത തുടങ്ങിയ ഘടകങ്ങളെയാണ് ഈ സമിതി മൂല്യനിർണയം നടത്തിയത്. പത്തിലാണ് മാർക്കിട്ടിരിക്കുന്നത്. പത്തില്‍ 6.52 മാർക്ക് ലഭിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ഒന്നാമൻ. 6.15 മാർക്കുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തൊട്ടുപിന്നിലുണ്ട്. 3.55 മാർക്കുമായി മന്ത്രി എ കെ ശശീന്ദ്രനാണ് ഏറ്റവും പിന്നില്‍. 3.9 മാർക്കുമായി രാമചന്ദ്രൻ കടന്നപ്പള്ളിയും 4 മാർക്കുമായി മന്ത്രി ചിഞ്ചുറാണിയും പിന്നിലുണ്ട്. സിപിഎം മന്ത്രിമാരിലേറെയും ശാരാശരിയിലും മുകളില്‍ മാർക്കു നേടിയപ്പോള്‍ ഘടകകക്ഷി മന്ത്രിമാരില്‍ പലരും വളരെ പിന്നിലാണെന്നും ഇന്ത്യൻ എക്സ്പ്രസിന്റെ പ്രോഗ്രസ് റിപ്പോർട്ടില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് 5.83 മാർക്കാണ് ഇന്ത്യൻ എക്സ്പ്രസ് നിയോഗിച്ച സമിതി നല്‍കിയിരിക്കുന്നത്.

റിട്ടയേർഡ് ഐഎഎസ് ഓഫീസർ ലിഡ ജേക്കബ്, മുൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ, നയകാര്യ വിദഗ്ധൻ ഡി ധനുരാജ്, സംരംഭക ലൈല സുധീഷ്, മാധ്യമ വിദഗ്ധൻ ബാബു ജോസഫ്, ഗ്ലോബല്‍ എക്സിക്യൂട്ടീവ് ഡോ. ടോണി തോമസ് എന്നിവരടങ്ങിയ പാനലാണ് ഇന്ത്യൻ എക്സ്പ്രസിനായി സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക