ഇന്ത്യ – പാക് ബന്ധം ഏറ്റവും മോശമായിരിക്കുന്ന സമയത്ത് പാകിസ്ഥാൻ ആഭ്യന്തര പ്രശ്നങ്ങളാലും നട്ടംതിരിയുകയാണ്. പാകിസ്ഥാന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള പ്രവിശ്യയായ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമിയാണ് പാക് സൈന്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നത്. പാകിസ്ഥാൻ പട്ടാളവുമായി നേർക്കുനേർ പോരാടുന്ന ബലുച് വിമോചന പോരാളികള്‍ ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്ത് കഴിഞ്ഞു.
ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഉടനുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.പാകിസ്ഥാനിലെ നാല് പ്രവിശ്യകളില്‍ ഏറ്റവും വലുതും പ്രകൃതി വിഭവങ്ങളാല്‍ സമ്ബന്നവുമാണ് ബലൂചിസ്ഥാൻ. ഇന്ത്യൻ അതിർത്തിയിലും ഇന്ത്യക്കുള്ളിലും തീവ്രവാദത്തിന് എല്ലാ സഹായവും നല്‍കുന്ന പാകിസ്ഥാന് അവരുടെ രാജ്യത്തിനുള്ളിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ബലൂച് വിഘടനവാദം. പാകിസ്ഥാനെ വിറപ്പിക്കുന്ന ബലൂചികള്‍ ആരാണ് എന്ന് വായിക്കാം.
ഭൂമി ശാസ്ത്രപരമായി ഏറെ പ്രത്യേകതകളും പ്രാധാന്യവുമുള്ള മേഖലയാണ് ബലൂചിസ്ഥാൻ. അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തില്‍ ഏറ്റവുമധികം പ്രാധാന്യമുള്ള ഹോർമൂസ് ഉള്‍ക്കടല്‍ ഈ പ്രദേശത്താണ്. ഇവിടെയാണ് സെൻട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതി ചെയ്യുന്നതും. അറേബ്യൻ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള ഇകണോമിക് കോറിഡോറും സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാനിലെ മക്രാൻ തീരത്താണ്. ഇത്തരം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ അതീവ തന്ത്രപ്രധാന പ്രദേശമാണിത്.
പാകിസ്ഥാന്റെ ഭൂവിസ്തൃതിയുടെ 44 ശതമാനമാണ് ബലൂചിസ്ഥാൻ ഉള്‍ക്കൊള്ളുന്നത്. എന്നാല്‍, രാജ്യത്തെ ജനസംഖ്യയുടെ വെറും അഞ്ച് ശതമാനം മാത്രമാണ് ബലൂചികളുടെ അംഗസംഖ്യ. സുന്നി മുസ്ലീങ്ങളായ ബലൂചികളാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍, മതത്തെയല്ല, വംശീയതയില്‍ അധിഷ്ഠിതമായ രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് ഇവർ. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാനിലുമായി പടർന്നു കിടക്കുന്ന വംശമാണ് ബലൂചികള്‍. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ഇതിനപ്പുറം ഇറാനിലെ സിസ്റ്റാൻ ബലൂചിസ്ഥാനിലും ബലൂചികള്‍ തന്നെയാണ് പ്രബല വിഭാഗം. അഫ്ഗാനിസ്ഥാനിലും ഇവരുടെ സാന്നിധ്യമുണ്ട്.
പാക്കിസ്ഥാനും ഇറാനും തമ്മിലുള്ള അതിർത്തിയിലാണ് ബലൂചിസ്ഥാൻ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഇരു രാജ്യങ്ങളിലുമായി ഒരു കോടിയോളം ബലൂചികളാണ് താമസിക്കുന്നത്. 1948-ല്‍ ഔദ്യോഗികമായി പാക്കിസ്ഥാന്റെ ഭാഗമായെങ്കിലും, ബലൂചിസ്ഥാന് പ്രവിശ്യാപദവി ലഭിച്ചത് 1970-ല്‍ മാത്രമാണ്.
പാകിസ്ഥാന്റെ ഖജനാവ്
ബലൂചിസ്ഥാനിലെ സമൃദ്ധമായ പ്രകൃതിസമ്ബത്താണ് പാക്കിസ്ഥാന്റെ സമ്ബദ്‌വ്യവസ്ഥയെ നിലനിർത്തുന്നതെന്ന് പറയാം. പാക്കിസ്ഥാനിലെ മുഴുവൻ വിസ്തീർണ്ണത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തോളം ഉള്‍ക്കൊള്ളുന്ന ഈ പ്രദേശം പ്രകൃതിവാതകവും ഇരുമ്ബും സള്‍ഫറും ക്രോമൈറ്റും കല്‍ക്കരിയും മാർബിളും പോലുള്ള ധാതുസമ്ബത്തുകളും കൊണ്ട് സമ്ബന്നമാണ്. എന്നാല്‍, ബലൂചിസ്ഥാനില്‍ നിന്നു ലഭിക്കുന്ന പ്രകൃതിവാതകത്തിന് ഉചിതമായ റോയല്‍റ്റി നല്‍കാൻ പാക്കിസ്ഥാൻ സർക്കാർ ഒരിക്കലും തയാറായിട്ടില്ല. ഇതാണ് ബലൂചികളെ ഇന്നും അതി ദാരിദ്ര്യവും അവഗണനയും നേരിടുന്ന ഒരു ജനവിഭാഗമായി മാറ്റിയിരിക്കുന്നത്. അതുപോലെ, ഗ്വദറില്‍ പാക്കിസ്ഥാൻ തുറമുഖം നിർമിച്ചപ്പോള്‍ അതില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ബലൂചികള്‍ക്ക് ലഭിച്ചില്ല. ഈ അവഗണനയും അശാസ്ത്രീയമായ വികസനവും ബലൂചിസ്ഥാനില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി.
ബലൂചിസ്ഥാന്റെ ചരിത്രം
ഖാനേറ്റ് ഓഫ് കലാട്ടിന് കീഴിലായിരുന്നു ഈ ഭൂപ്രദേശം. വിവിധ ഗോത്രവിഭാഗങ്ങളുടെ ചെറു നാട്ടുരാജ്യങ്ങള്‍ ഈ ഭൂമികയില്‍ തങ്ങളുടെ വെന്നിക്കൊടി പാറിച്ചു. എന്നാല്‍, പടിഞ്ഞാറ് കെർമനും, കിഴക്ക് സിന്ധും, വടക്ക് ഹെല്‍മന്ദ് നദിയും തെക്ക് അറബിക്കടലും എലുകതീർത്ത ഈ മണ്ണിലെ ഏറ്റവും ശക്തനായ ഭരണാധികാരി കലാട്ട് ഖാൻ ആയിരുന്നു. പാലിയോലിത്തിക് കാലഘട്ടം മുതല്‍ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഈ പ്രദേശത്തെ ഏറ്റവും പഴയ ജനവാസമുള്ള ഗ്രാമങ്ങള്‍ സെറാമിക് നിയോലിത്തിക്ക് കാലഘട്ടത്തിലേതാണത്രെ. അതായത് ക്രിസ്തുവിനും 7000 വർഷങ്ങള്‍ക്ക് മുമ്ബ് ഇവിടെ മനുഷ്യർ സാമൂഹിക ജീവിതം ആരംഭിച്ചിരുന്നു.
വെങ്കലയുഗത്തോടെ, ബലൂചിസ്ഥാൻ ഹാരപ്പൻ സാംസ്കാരിക സംവിധാനത്തിന്റെ ഭാഗമായി മാറി. കിഴക്ക് സിന്ധു നദീതടത്തിലെ വിശാലമായ വാസസ്ഥലങ്ങള്‍ക്ക് ഈ ഭൂപ്രദേശം പ്രധാന വിഭവങ്ങള്‍ നല്‍കി. സിന്ധു നദീതട നാഗരികതയുടെ ഏറ്റവും പടിഞ്ഞാറൻ അതിരായിരുന്നു ഈ കാണുന്ന ജനപഥങ്ങള്‍. പടയോട്ടങ്ങളുടെ കാലത്ത് ഈ ഭൂപ്രദേശം ഗ്രീക്ക് സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. പിന്നീട് ഗ്രീക്ക് ചക്രവർത്തിയായ സെല്യൂസിഡിനെ പരാജയപ്പെടുത്തി ചന്ദ്രഗുപ്ത മൗര്യൻ ഈ ഭുപ്രദേശം സ്വന്തമാക്കി. ബിസി 303-ല്‍ ചന്ദ്രഗുപ്തനും സെല്യൂക്കസും ഒരു സമാധാന ഉടമ്ബടിയിലേർപ്പെട്ടതോടെ ഈ ഭൂമിയില്‍ സമാധാനത്തിന്റെ വിത്തുകള്‍ മുളച്ചു. ചന്ദ്രഗുപ്ത മൗര്യനും സെല്യൂസിഡ് സാമ്രാജ്യത്തിലെ ഒരു രാജകുമാരിയും തമ്മിലുള്ള വിവാഹത്തോടെ സെല്യൂസിഡ്, മൗര്യ സാമ്രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം തലമുറകളോളം തുടർന്നു.ഒന്നാം നൂറ്റാണ്ട് മുതല്‍ ഈ പ്രദേശം ചില ഹിന്ദു നാട്ടുരാജാക്കന്മാരുടെ അധീനതയിലായിരുന്നു. എന്നാല്‍, ചെങ്കിസ് ഖാന്റെ പടയോട്ടം ഈ ഭൂപ്രദേശത്തിന്റെ ഭാവിതന്നെ മാറ്റിമറിച്ചു. ചെങ്കിസ് ഖാന്റെ പടയോട്ടത്തോടെയാണ് ബലൂചികള്‍ കുടിയേറ്റം ആരംഭിച്ചത്. പിന്നീട് ഈ ജനതയില്‍ ഉള്‍പ്പോര് രൂക്ഷമായി.
ബലൂച്, പത്താൻ, മറ്റ് വിഭാഗങ്ങള്‍ എന്നിവയെ നിയന്ത്രിക്കാനായി സർദാർമാർ രൂപംകൊണ്ടു.ഏഴാം നൂറ്റാണ്ടില്‍ അറബ് സൈന്യം ബലൂചിസ്ഥാനില്‍ അധിനിവേശം നടത്തി, ബലൂചിസ്ഥാനിലെ ജനങ്ങളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. പിന്നീട് ഗസ്‌നിയിലെ മഹ്മൂദ് ബലൂചിസ്ഥാൻ മുഴുവൻ കീഴടക്കി. പിന്നീട് ഡല്‍ഹി സുല്‍ത്താനേറ്റും മംഗോളിയൻ ഭരണാധികാരികളുമൊക്കെ ഈ മണ്ണില്‍ വെന്നിക്കൊടി പാറിച്ചു. പിന്നീട് ഈ മണ്ണിലേക്ക് ബ്രിട്ടീഷുകാർ എത്തി. ബ്രിട്ടനും ഇറാനും ബലൂചിസ്ഥാനെ പല ഭാഗങ്ങളായി വിഭജിച്ചു. പിന്നീടും ഈ മണ്ണില്‍ പല രാജവംശങ്ങളും വാണും വീണും കാലചക്രം മുന്നോട്ട് ഉരുണ്ടു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തമായപ്പോള്‍ ബലൂചികളും മരണഭയമേതുമില്ലാതെ അതിന്റെ മുൻനിരയില്‍ നിന്നു. അവിഭക്ത ഇന്ത്യയിലെ ബലൂചികളും ഈ മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി പടനയിച്ചവർ തന്നെയാണ്. ഇന്ത്യൻ യൂണിയനില്‍ ചേരാൻ കൊതിച്ച മണ്ണ്ഇന്ത്യ സ്വാതന്ത്യത്തിലേക്ക് അടുത്തതോടെയാണ് ബലൂചികളുടെ ഹൃദയം നുറുങ്ങിയത്. ഇന്ത്യൻ യൂണിയനില്‍ ചേരാനായിരുന്നു ഒരു വിഭാഗം ബലൂചികള്‍ക്ക് താത്പര്യം. എന്നാല്‍, സ്വതന്ത്ര ബലൂചിസ്‌ഥാനായിരുന്നു ഇവിടുത്തെ പൊതുവികാരം. പക്ഷേ മുഹമ്മദലി ജിന്നയുടെ പിടിവാശിയില്‍ ആ മോഹം തകർന്നു. ബലൂചിസ്ഥാനെ പാക്കിസ്ഥാന്റെ ഭാഗമാക്കാനായിരുന്നു ബ്രിട്ടിഷുകാർക്കും താല്‍പര്യം. മേഖലയിലെ മറ്റു നാട്ടുരാജ്യങ്ങള്‍ പാക്കിസ്ഥാനില്‍ ചേരാൻ താല്‍പര്യം കാട്ടിയതോടെ ബലൂചിസ്ഥാൻ ഒറ്റപ്പെട്ടു. പാക്ക് സൈന്യം ബലൂചിസ്ഥാനിലേക്കു നീങ്ങി. ബലൂചികള്‍ ചെറുത്തെങ്കിലും പാക് സൈന്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കീഴടങ്ങേണ്ടിവന്നു. പിന്നാലെ ബലൂച് വംശീയ വാദത്തിന് ആക്കം കൂടി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കശ്മീരില്‍ പാകിസ്ഥാൻ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്ബോള്‍ അവരുടെ മണ്ണില്‍ ബാഹ്യ പ്രേരണകള്‍ ഒന്നും കൂടാതെ കശ്മീരിന് സമാനമോ അതിലും തീവ്രമോ ആയ വിഘടനവാദം ശക്തിപ്പെടുകയായിരുന്നു.
ഗാന്ധിജിയുടെ ഇഷ്ടഭൂമി
അതിർത്തി ഗാന്ധിയുടേയും ഗാന്ധിജിക്ക് ഏറെ പ്രിയമായ ഭൂമിയായിരുന്നു അവിഭക്‌ത ഇന്ത്യയിലെ ബലൂചിസ്‌ഥാൻ. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയും ഇന്ത്യൻ ദേശീയ കോണ്‍ഗ്രസും ഒരിക്കലും ഒറ്റപ്പെടാതിരുന്ന ഒരു മേഖല. മാരി, ബഗ്‌തി, മെംഗല്‍ തുടങ്ങിയ ഗോത്രങ്ങളുടെ പിതൃഭൂമിയായ ഈ പ്രദേശം ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് അനുകൂലമായിരുന്നതോടൊപ്പം, അവിടേക്ക് അദ്ദേഹത്തിന്റെ ആശയങ്ങള്‍ എത്തിക്കാനൊരു സാന്നിധ്യവുമുണ്ടായിരുന്നു – ബാദ്‌ഷാ ഖാൻ എന്നറിയപ്പെട്ടിരുന്ന ‘അതിർത്തി ഗാന്ധി’ ഖാൻ അബ്‌ദുല്‍ ഗഫാർ ഖാൻ.വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ ഒരു പഠാൻ വംശജനായിരുന്നിട്ടും ബലൂചികള്‍ ബാദ്‌ഷാ ഖാനെ ദേശീയ നേതാവായി ഏറ്റെടുത്തു. ബ്രിട്ടീഷുകാർക്കെതിരായ സമരത്തില്‍ അദ്ദേഹം ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും വിശ്വസ്തനായൊരു കൂട്ടാളിയായി മാറി. അഹിംസയുടെയും സമാധാനസമരത്തിന്റെയും മുദ്രയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ബലൂചിസ്‌ഥാനിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളെ സ്വാധീനിച്ചു. ഇതോടെ ബലൂചിസ്‌ഥാൻ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു പ്രധാന അധ്യായമായി മാറി.
വിമോചന പോരാളികള്‍: ഒന്നിലേറെ സായുധ സംഘങ്ങളാണ് ഇവിടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നത്. അവരില്‍ ഏറ്റവും ശക്തരാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നുമാത്രം. മജീദ് ബ്രിഗേഡ്, ഫത്തേ സ്ക്വാഡ്, സ്പെഷ്യല്‍ ടാക്റ്റിക്കല്‍ ഓപ്പറേഷൻസ് സ്ക്വാഡ് എന്നിങ്ങനെ വിവിധ സേനാ വിഭാഗങ്ങളാണ് ഈ സായുധ സംഘത്തിനുള്ളത്. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് പാക്കിസ്ഥാന്റെ രാഷ്ട്രീയവും സാമ്ബത്തികവുമായ അവഗണനയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി, ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഈ സായുധ സംഘം സജീവമാകുന്നത്.പാക്കിസ്ഥാൻ സുരക്ഷാസേന, സർക്കാർ സ്ഥാപനങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍ എന്നിവയെ ലക്ഷ്യമാക്കി BLA നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, ചൈന-പാക്കിസ്ഥാൻ സാമ്ബത്തിക ഇടനാഴി (CPEC) പദ്ധതിയുടെ ഭാഗമായി ചൈനീസ് ധനസഹായത്തോടെ നിർമിക്കുന്ന ഇൻഫ്രാസ്ട്രക്ചർ കേന്ദ്രങ്ങളും അവരുടെ പ്രധാന ലക്ഷ്യങ്ങളാണ്.
BLAയുടെ സേനയെ വ്യത്യസ്തമായ പരിശീലനം ലഭിച്ച യൂണിറ്റുകളായി വിഭാഗീകരിച്ചിരിക്കുന്നു. അതില്‍ പ്രധാനമായവ മജീദ് ബ്രിഗേഡ് എന്ന ചാവേർ ആക്രമണ യൂണിറ്റ്, ഫത്തേ സ്ക്വാഡ് എന്ന ഗറില്ലാ ആക്രമണങ്ങളില്‍ മികവു പുലർത്തുന്ന വിഭാഗം സ്പെഷ്യല്‍ ടാക്റ്റിക്കല്‍ ഓപ്പറേഷൻസ് സ്ക്വാഡ് അഥവാ തന്ത്രപരമായ ആക്രമണങ്ങള്‍ക്ക് പ്രത്യേകമായി രൂപീകരിച്ച സംഘം.പാക്കിസ്ഥാൻ BLAയെ ഒരു നിരോധിത സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തില്‍ ചില രാജ്യങ്ങള്‍ ഇതിനെ തീവ്രവാദ സംഘടനയായി കണക്കാക്കുന്നു. അതേസമയം, ബലൂചിസ്ഥാനിലെ രാഷ്ട്രീയ സ്വയംഭരണത്തിനും പ്രകൃതി സമ്ബത്തിലേക്കുള്ള നീതിയുക്തമായ അവകാശത്തിനുമുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് BLAയുടെ പ്രവർത്തനങ്ങള്‍ എന്നും വിശകലനം ചെയ്യപ്പെടുന്നു.
1948 ല്‍ ബലൂചിസ്ഥാൻ പാക്കിസ്ഥാന്റെ ഭാഗമാകുമ്ബോള്‍ ഭൂരിപക്ഷം ബലൂചികളുടെയും മനസ്സില്‍ കബറടക്കപ്പെട്ടത് സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന സ്വപ്നമായിരുന്നു. അതായത്, മനസില്ലാമനസ്സോടെയാണു ബലൂചികളില്‍ വലിയ പങ്കും പാക്ക് പൗരൻമാരായത്. എന്ന് ഈ മണ്ണില്‍ പാക് പതാക ഉയർന്നുവോ അന്നുമുതല്‍ ആത്മാഭിമാനം നഷ്ടപ്പെട്ട ജനതയാണ് തങ്ങളെന്ന ചിന്ത ബലൂചികളില്‍ വളരാൻ തുടങ്ങി.പാക്കിസ്ഥാനില്‍ ചേരാനുള്ള ഉടമ്ബടി ഒപ്പിട്ടതിനു തൊട്ടുപിന്നാലെ ബലൂചികള്‍ പ്രതിഷേധം ആരംഭിച്ചു. 1958-59, 1962-63, 1973-1977 വർഷങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇത് ഇപ്പോഴും തുടരുകയാണ്. ബലൂചികളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പാക്കിസ്ഥാൻ ശക്തമായാണ് നേരിട്ടത്. പോരാട്ടത്തിന്റെ മുൻനിരക്കാരെയും അനുഭാവികളെയുമൊക്കെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ കൊല്ലപ്പെട്ട ബലൂചികളുടെ എണ്ണം പതിനായിരങ്ങളെന്നാണ് റിപ്പോർട്ട്.
പ്രക്ഷോഭങ്ങളെ പാകിസ്ഥാൻ ഭരണകൂടം സൈനിക ഇടപെടലുകളിലൂടെ പ്രതികരിച്ചത് മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ക്കും ബലൂച് ജനതയുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിനും കാരണമായി. ഇതോടെ, ബലൂച് ജനതയുടെ അസംതൃപ്തിയും അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും ഇന്നും തുടരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയുമായിരുന്നു. അതെ, സ്വാതന്ത്ര്യത്തിനും സ്വയംനിർണയാവകാശത്തിനും വേണ്ടി മരണഭയമില്ലാത്ത പോരാട്ടമാണ് പാകിസ്ഥാന്റെ പടിഞ്ഞാറൻ പ്രവിശ്യയില്‍ പതിറ്റാണ്ടുകളായി നടക്കുന്നത്.









