തിരുവാതുക്കലിലെ ദമ്ബതികളുടെ കൊലപാതകവും വർഷങ്ങള്‍ക്ക് മുമ്ബ് നടന്ന മകന്റെ മരണവും തമ്മിലുള്ള ബന്ധം അന്വേഷിച്ച് പൊലീസ്. പ്രമുഖ വ്യവസായി വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്.
ഇവരുടെ മകൻ ഗൗതമിനെ 2017 ജൂണ്‍ 3 നാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമപോരാട്ടത്തിനോടുവില്‍ ഈ കേസ് സിബിഐ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ മാസം 21 നാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കൃത്യം ഒരുമാസത്തിന് ശേഷമുള്ള മാതാപിതാക്കളുടെ കൊലപാതകം നിരവധി സംശയങ്ങളാണ് ഉയർത്തുന്നത്.
ഈ മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം നഗരത്തിലെ പ്രധാന ഓഡിറ്റോറിയമായ ഇന്ദ്രപ്രസ്ഥയുടെ ഉടമയാണ് മരിച്ച വിജയകുമാർ. ഇതിന് പുറമേ നിരവധി വ്യവസായ സംരംഭങ്ങളും അദ്ദേഹത്തിനുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്.
വിജയകുമാറിന്റെ മൃതദേഹം ഹാളിലും മീരയുടെ മൃതദേഹം കിടപ്പുമുറിയുമാണ് ഉണ്ടായിരുന്നത്. ഇരുവരുടെയും മുഖം വികൃതമാക്കിയ നിലയിലാണ്. വീടില്‍ നിന്നും കോടാലിയും അമ്മിക്കല്ലും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ ഹോട്ടലിലെ മുൻ ജീവനക്കാരനായ അസം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തെന്ന വിവരവും പുറത്ത് വരുന്നുണ്ട്.













