CrimeFlashKeralaNews

BIG BREAKING | നെന്മാറ ഇരട്ട കൊലപാതകം: പ്രതി ചെന്താമര പിടിയിൽ; ക്രൂര കൊലപാതകി പിടിയിലായത് പോത്തുണ്ടിയിൽ നിന്ന് തന്നെ

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ചെന്തമാര ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചതിന് ശേഷമാണ് ചെന്താമര പിടിയിലായത്.

ഇന്ന് വൈകിട്ടോടെയാണ് മാട്ടായി മേഖലയില്‍ ചെന്താമരയെ കണ്ടത്. ഇളയ സഹോദരിയുടെ വീട്ടില്‍ സന്ദർശനം നടത്തി തിരിച്ചുപോകുന്നതിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഓടിയതോടെ പൊലീസും പിന്നാലെ എത്തി. ഇതിനിടെ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം കുട്ടികളും ചെന്താമരയെ കണ്ടു. അത് ചെന്താമരയാണെന്നും പിടിക്കണമെന്നും പൊലീസ് വിളിച്ചുപറഞ്ഞതോടെ കുട്ടികളും പിന്നാലെ ഓടി. എന്നാല്‍ പ്രതിയെ പിടികൂടാനായില്ല. പിന്നാലെ നാട്ടുകാരും പരിശോധനയ്ക്ക് എത്തുകയായിരുന്നു. രാത്രി ഏറെ വൈകിയും പരിശോധന തുടരുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ടായിരുന്നു. സജീതയെ കൊലപ്പെടുത്തിയതിന് ശേഷവും ചെന്താമര നെല്ലിയാമ്ബതി കാടുകളിലേക്കാണ് ഓടിമറിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പിടിയിലാവുകയായിരുന്നു.

2022 ല്‍ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച്‌ ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി. ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ സുധാകരന്‍ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഇനി നെന്മാറയിലേക്ക് പോകില്ലെന്നും തിരുപ്പൂരിലേക്ക് പോകുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെന്താമര തിരുപ്പൂരില്‍ നിന്ന് നെന്മാറയിലെ താമസ സ്ഥലത്ത് എത്തി. ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു അരുംകൊല. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസ് പരാതി വിലക്കെടുത്തില്ലെന്നും സുധാകരന്റെ മകള്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button