മുനമ്ബം വിഷയത്തില്‍ നിലപാട് മാറ്റി സീറോ മലബാർ സഭ. ചില രാഷ്ട്രീയപാർട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും അത് ആളുകള്‍ക്കിടയില്‍ വൈകാരിക പ്രതികരണങ്ങള്‍ക്ക് വഴിവെച്ചുവെന്നും സഭയുടെ വക്താവ് ഫാദർ ആന്റണി വടക്കേക്കര ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.നിയമഭേദഗതി കൊണ്ടുമാത്രം മുനമ്ബത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും സഭ വ്യക്തമാക്കി.
നിയമഭേദഗതിയില്‍ മുൻകാല പ്രാബല്യം കൊണ്ടുവരിക എന്ന സഭയുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ സഭ വിഷയത്തിലെ നിരാശയും പങ്കുവെച്ചു. ഇന്ത്യൻ പൗരന്മാരെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ നിയമപരമായി മാത്രമേ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നിയമപരമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു.
കേന്ദ്രസർക്കാർ പാസാക്കിയിരിക്കുന്ന വഖഫ് നിയമ ഭേദഗതിയോട് സംസ്ഥാന സർക്കാർ കുറച്ചുകൂടി ഇച്ഛാശക്തിയോടെയും ക്രിയാത്മകമായും പ്രതികരിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന് വഖഫ് ട്രൈബ്യൂണലിന് മേലുള്ള അധികാരം ഉപയോഗിച്ചുകൊണ്ടുതന്നെ മുനമ്ബത്തെ ജനങ്ങള്‍ക്ക് നീതി നേടിക്കൊടുക്കാൻ തയ്യാറാകണം. അതിന് കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുമ്ബത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടിവരുമെന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച ന്യൂനപക്ഷ-പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. നിമയഭേദഗതിക്ക് ശേഷം മുനമ്ബം സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മുനമ്ബത്തുണ്ടായ സംഭവം ഇനി രാജ്യത്തൊരിടത്തും ആവർത്തിക്കില്ലെന്നും നിലവിലുള്ളത് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ നിയമവഴിയിലൂടെ പരിഹാരം കാണണം എന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
















