ഒരാഴ്‌ചയായി ആളിക്കത്തുന്ന ‘എമ്ബുരാന്‍’ വിവാദം തുണയാകുന്നത് ‘ടിപി 51 വെട്ട്’ എന്ന സിനിമയ്‌ക്ക്.ഒ.ടി.ടിയില്‍ ഈ ചലച്ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു. വൈകാതെ സിനിമ ഒ.ടി.ടിയില്‍ വീണ്ടും റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ മൊയ്‌തു താഴത്ത് അറിയിച്ചു.
മലയാളം വാര്‍ത്താ ചാനലുകളില്‍ ഒരാഴ്‌ചയായി ‘എമ്ബുരാന്റെ’ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ‘ടി.പി 51 വെട്ട്’, ‘ലെഫ്‌റ്റ് റൈറ്റ് ലെഫ്‌റ്റ്’ എന്നീ സിനിമകളെക്കുറിച്ചും ചര്‍ച്ച സജീവമാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സി.പി.എമ്മിലെ ജോണ്‍ ബ്രിട്ടാസിനെ വെല്ലുവിളിച്ചത് ‘ടി.പി 51 വെട്ട്’ വീണ്ടും റിലീസ് ചെയ്യാന്‍ കേരള സര്‍ക്കാര്‍ അനുവദിക്കുമോ എന്നു ചോദിച്ചായിരുന്നു. സി.പി.എം. ഈ സിനിമയുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചിരുന്നു.
2015 സെപ്‌റ്റംബര്‍ ഒന്‍പതിനാണ് ‘ടി.പി 51 വെട്ട്’ റിലീസ് ചെയ്‌തത്. മുപ്പത് തിയറ്റുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിശ്‌ചയിച്ച സിനിമ ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ അഞ്ച് തിയറ്ററുകളില്‍മാത്രമാണ് കാണിച്ചത്. സി.പി.എം. നേതാക്കളുടെ സ്വാധീനത്തില്‍ സര്‍ക്കാരിതര തിയറ്ററുകള്‍ പിന്തിരിയുകയായിരുന്നെന്ന് ‘ടിപി’യുടെ അണിയറ ശില്‍പ്പികള്‍ കുറ്റപ്പെടുത്തുന്നു.ഒ.ടി.ടിയില്‍ വീണ്ടും റിലീസ് ചെയ്യുന്നതിനു മുമ്ബ് തിരക്കഥയില്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ വരുത്തുമെന്നു സംവിധായകന്‍ പറഞ്ഞു.






