
കെ.എസ്.ഇ.ബിക്കായി നിക്ഷേപിച്ച 494.28 കോടി രൂപ ട്രഷറിയില്‍ നിന്ന് സർക്കാർ തിരിച്ചെടുത്തു. :കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്ബത്തികവര്‍ഷത്തെ നഷ്ടത്തിന്റെ 90 ശതമാനം നല്‍കാമെന്ന ഉറപ്പില്‍ കേന്ദ്രസർക്കാരില്‍ നിന്ന് 6250 കോടി രൂപ ലഭിച്ചശേഷമാണ് കെ.എസ്.ഇ.ബിക്കായി ട്രഷറിയില്‍ നിക്ഷേപിച്ച തുക തിരിച്ചെടുത്തത്.കഴിഞ്ഞ ദിവസം ട്രഷറിയില്‍ നിന്ന് പിൻവലിക്കാനായി നോക്കിയപ്പോഴാണ് കെ.എസ്.ഇ.ബി അധികൃതർ തുക കാണാനില്ലെന്ന് അറിഞ്ഞത്. ഇതുസംബന്ധിച്ച് സർക്കാരില്‍ നിന്ന് കൂടുതല്‍ വിശദീകരണങ്ങള്‍ ലഭിച്ചില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.
കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധന പ്രകാരം കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്ബത്തികവര്‍ഷത്തെ നഷ്ടത്തിന്റെ 90 ശതമാനം ഏറ്റെടുത്താല്‍ ആഭ്യന്തര വരുമാനത്തിന്റെ അരശതമാനമായ 6250 കോടികൂടി സര്‍ക്കാരിന് കടമെടുക്കാൻ അനുവാദം നല്‍കുമായിരുന്നു. അതിനാലാണ് കെ.എസ്.ഇ.ബി.യുടെ 2023-’24-ലെ നഷ്ടമായ 534.21 കോടി രൂപയുടെ 90 ശതമാനമായ 494.28 കോടി സർക്കാർ ഏറ്റെടുത്ത് കൈമാറി.ഈ തുകയാണ് ഇപ്പോള്‍ ട്രഷറിയില്‍ നിന്ന് ‘അപ്രത്യക്ഷ’മായത്. അതേസമയം കേന്ദ്രത്തില്‍ നിന്ന് അധിക കടമെടുപ്പ് തുക കൈപറ്റുകയും ചെയ്തു.