ജേർണലിസം പഠിക്കാതെ, ജേർണലിസ്റ്റായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനല്‍ മേധാവിയായ വ്യക്തിയാണ് ആർ ശ്രീകണ്ഠൻ നായർ. 24 ന്യൂസ് എന്ന വാർത്താ ചാനലിനെ അദ്ദേഹം ഒന്നാമത് എത്തിച്ചു. മലയാളത്തിലെ പരിണത പ്രജ്ഞരെന്ന് മേനിനടിക്കുന്ന ഒരുപാട് പത്ര മേധാവികളെ നിഷ്പ്രഭരാക്കിയാണ് സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം ചാനലിനെ അദ്ദേഹം ഒറ്റയടിക്ക് മുൻനിരയില്‍ എത്തിച്ചത്. 2018ല്‍ ആരംഭിച്ച ചാനല്‍ തുടക്കം മുതല്‍ തന്നെ മനോരമ, മാതൃഭൂമി അടക്കം പ്രമുഖരെ പിന്തള്ളി രണ്ടാം സ്ഥാനമുറപ്പിച്ചത് മലയാള മാധ്യമ ചരിത്രത്തിലെ അപൂർവതയാണ്.
ജേർണലിസ്റ്റ് അല്ലാത്തതിനാല്‍ പരമ്ബരാഗത നടപ്പുരീതികളെ പൊളിച്ചെഴുതാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായില്ല. അതിൻ്റെ പ്രശ്നങ്ങള്‍ ആ ചാനലിന് ഉള്ളത് പലരും ചൂണ്ടിക്കാണിക്കുമ്ബോള്‍ തന്നെ, എല്ലാത്തരം വിമർശകർക്കും അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി 24 ന്യൂസ് ചാനല്‍ വളർന്നു കഴിഞ്ഞിരുന്നു. മാധ്യമ കുലപതിമാരെന്ന് വിശേഷണമുള്ള മനോരമയിലും ഏഷ്യാനെറ്റിലും വിനോദപരിപാടികള്‍ നടത്തിപ്പോന്ന ശ്രീകണ്ഠൻ നായർ, ആ അനുഭവപരിചയം വച്ച് ‘ഫ്ളവേഴ്‌സ്’ തുടങ്ങിയപ്പോള്‍ ഈ വിജയം ആരും വിചാരിച്ചില്ല. പിന്നാലെ ആരംഭിച്ച 24 ന്യൂസും 100 മേനിവിളയിച്ചതോടെ ശ്രീകണ്ഠൻ നായർ താരമായി മാറുകയായിരുന്നു.
ഇതിനിടയിലാണ് റിപ്പോർട്ടർ ചാനല്‍ 24 നെ പിൻതള്ളി രണ്ടാം സ്ഥാനത്തെത്തിയത്. ഇതോടെ ശ്രീകണ്ഠൻ നായർ സ്വതവേയുള്ള സൗമ്യത കൈവിട്ട് പൊട്ടിത്തെറിച്ചു. സ്ഥാപനത്തിലെ പ്രധാന പദവിയിലിരിക്കുന്ന ചിലരുടെ നിഷ്ക്രിതത്വമാണ് ഈ പരാജയത്തിനു കാരണമെന്ന് അദ്ദേഹം കണ്ടെത്തി.”സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത് എന്നുള്ളത് എനിക്ക് ഭയങ്കരമായിട്ട് സംശയം തോന്നുകയാണ്. ഈഗോ നിങ്ങള്‍ക്ക് പിന്നെ പിടിക്കാമായിരുന്നല്ലോ, സ്ഥാപനം നന്നായി പോകട്ടെന്നുള്ളതല്ലേ വേണ്ടത്…. നമ്മളീ മത്സരത്തിൽ ലീഡ് ചെയ്യുന്ന സമയത്ത്, കൊല്ലത്ത് പോയിക്കിടന്ന് ഇങ്ങനൊക്കെയുള്ള പോരാട്ടങ്ങള്‍ നടത്തുന്നവർ ഈ സ്ഥാപനത്തോട് ചെയ്യുന്ന ദ്രോഹമെന്താണെന്ന് ഇവരൊക്കെ ആലോചിക്കുന്നുണ്ടോ? ഞാനിപ്പോ ഇത്രമാത്രമേ പറയുന്നുള്ളൂ, മെൻ്റലി ഞാൻ വളരെ രോഷത്തിലാണെന്ന് കൂടി നിങ്ങള്‍ മനസിലാക്കുക.”
24 ന്യൂസ് ചാനലിൽ ആഭ്യന്തിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർ
Posted by FILM News on Saturday, March 15, 2025
ചാനലിലെ ജേർണലിസ്റ്റുകള്‍ എല്ലാവർക്കുമായി ശ്രീകണ്ഠൻ നായർ കഴിഞ്ഞദിവസം അയച്ച സന്ദേശമാണിത്. കൊല്ലത്ത് നടന്ന സിപിഎം സമ്മേളനത്തിൻ്റെ റിപ്പോർട്ടിങ്ങിനിടെ മുതിർന്ന രണ്ട് ജേണലിസ്റ്റുകള്‍ തമ്മിലുണ്ടായ ഈഗോ പ്രശ്നങ്ങള്‍ സ്ഥാപനത്തിൻ്റെ പ്രകടനത്തെ ബാധിച്ചുവെന്നും ഇക്കാര്യത്തില്‍ ഇരുവരും വിശദീകരണം നല്‍കണമെന്നും ആണ് അതീവ രോഷാകുലനായി ശ്രീകണ്ഠൻ നായർ ആവശ്യപ്പെടുന്നത്. ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പണ്ടത്തേത് പോലുള്ള പരിഗണനയുടെ കടയെല്ലാം അടയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു. ചാനലില്‍ ‘ഇൻ്റേണല്‍ എമർജൻസി’ പ്രഖ്യാപിക്കുകയാണ് എന്ന അസാധാരണ പ്രയോഗവും ഇതിനൊടുവില്‍ അദ്ദേഹം നടത്തുന്നുണ്ട്.
ശ്രീകണ്ഠൻ നായർ പ്രതിസ്ഥാനത്ത് നിർത്തുന്ന ആർ ശ്രീജിത് 24 ന്യൂസിൻ്റെ തിരുവനന്തപുരം റീജിയണല്‍ ബ്യൂറോ ചീഫാണ്. ദീപക് ധർമ്മടം കോഴിക്കോട് ചീഫും. ഈ രണ്ട് ജേർണലിസ്റ്റുകളും സിപിഎമ്മില്‍ ബന്ധങ്ങളുള്ളവരും, മികച്ച വാർത്തകള്‍ പുറത്ത് കൊണ്ടുവന്നിട്ടുള്ളവരുമാണ്. എന്നാല്‍ ഇരുവരെയും ഒന്നിച്ച് സമ്മേളന റിപ്പോർട്ടിങ്ങിന് നിയോഗിച്ചപ്പോള്‍ പരസ്പരമുള്ള ഈഗോ കാരണം പല വാർത്തകളും മുങ്ങിപ്പോയി.
പാർട്ടിയുടെ പദവികളില്‍ നിന്നൊഴിവാക്കപ്പെട്ട എ.കെ ബാലൻ കൊല്ലത്ത് പൊട്ടിക്കരഞ്ഞപ്പോള്‍ ശ്രീജിത് തൊട്ടടുത്തുണ്ടായിരുന്നു എന്നും എന്നാല്‍ വേണ്ടതുപോലെ കൈകാര്യം ചെയ്തില്ലെന്നും ശ്രീകണ്ഠൻ നായർ പറയുന്നു. വിവരങ്ങള്‍ എല്ലാം അന്വേഷിച്ചറിഞ്ഞ ശേഷമാണ് ചീഫ് എഡിറ്ററെന്ന നിലയ്ക്കുള്ള രോഷപ്രകടനം. നിലവിലെ ചാനല്‍ മത്സരത്തില്‍ 24 കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. റിപ്പോർട്ടർ ചാനല്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടുപിന്നിലാണ്. രണ്ടാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് 24 ന്യൂസും റിപ്പോർട്ടറും നടത്തുന്നത്. ഏഷ്യാനെറ്റ് പോലെ പാരമ്ബര്യത്തിൻ്റെയും വിപുലമായ നെറ്റ് വർക്കിൻ്റെയും പിൻബലമില്ലാത്ത ഇരുകൂട്ടരും ആശ്രയിക്കുന്നത് അവതാരകരുടെ പ്രകടനത്തെയാണ്. അതില്‍ തന്നെ 24ൻ്റെ ഭാരം ഏറ്റവുധികം വഹിക്കുന്നത് ശ്രീകണ്ഠൻ നായരാണ്.
പാർട്ടി സമ്മേളനങ്ങള്‍, തിരഞ്ഞെടുപ്പുകള്‍ പോലെ പലദിവസം നീളുന്ന മഹാമഹങ്ങള്‍ നടക്കുമ്ബോള്‍ ഫീല്‍ഡ് പ്രകടനത്തില്‍ മറ്റ് ചാനലുകള്‍ മുന്നേറും. ആ മത്സരബുദ്ധി ഒട്ടും ഉള്‍ക്കൊള്ളാതെ, പരസ്പരമുള്ള ശീതസമരമാണ് മുതിർന്നവർ നടത്തിയത്. ഇതാണ് ചീഫ് എഡിറ്ററെ ഇത്രമേല്‍ ചൊടിപ്പിച്ചിത്.

















