‘മാർകോ’ സിനിമ ടിവി ചാനലുകളില്‍ പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ഒടിടിയില്‍നിന്നു സിനിമ പിൻവലിക്കണമെന്നും ശുപാർശ ചെയ്തു.സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) പ്രാദേശിക ഓഫിസിന്റേതാണു നടപടി.
കഴിഞ്ഞ 19ന് ആണ് അനുമതി നിഷേധിച്ചത്. സിനിമ തിയറ്ററില്‍ പ്രദർശിപ്പിക്കാൻ സമർപ്പിച്ചപ്പോള്‍ത്തന്നെ വിയോജിപ്പുകള്‍ ഉണ്ടായിരുന്നെന്നു സിബിഎഫ്സി പ്രാദേശിക ഓഫിസർ ടി.നദീം തുഫൈല്‍ പറഞ്ഞു.അഞ്ചംഗ സമിതി ഇതില്‍ അക്രമരംഗങ്ങളേറെയുണ്ടെന്നു റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നു പല സീനുകളും ഒഴിവാക്കിയശേഷം സിനിമ പത്തംഗ റിവൈസിങ് കമ്മിറ്റിക്ക് നല്‍കി. തുടർന്നാണ് ‘എ’ സർട്ടിഫിക്കറ്റോടു കൂടി തിയറ്ററില്‍ പ്രദർശിപ്പിക്കാൻ അനുമതി നല്‍കിയത്.
ടിവിയില്‍ പ്രദർശനാനുമതിക്കു സമീപിച്ചപ്പോള്‍ സമിതി വീണ്ടും സിനിമ കണ്ടു. ടിവിയില്‍ പ്രദർശിപ്പിക്കണമെങ്കില്‍ ‘യു’ അല്ലെങ്കില്‍ ‘യുഎ’ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ സിനിമയ്ക്ക് ‘യുഎ’ സർട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 45 മിനിറ്റ് ദൈർഘ്യമുള്ള ഭാഗങ്ങള്‍ ഒഴിവാക്കേണ്ടിവരും. ഒടിടി പ്രദർശനം തടയണമെന്ന കത്ത് മുംബൈയിലെ സിബിഎഫ്സി ചെയർമാനാണു നല്‍കിയത്. ഒടിടിയില്‍നിന്നു സിനിമ പിൻവലിക്കാൻ സിബിഎഫ്സിക്ക് അധികാരം ഇല്ലാത്തതിനാല്‍ അതിനുവേണ്ടി വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിനു ശുപാർശ നല്‍കണം.
നിലവില്‍ സിനിമയിലെ രംഗങ്ങള്‍ മുറിച്ചുമാറ്റിയുള്ള സെൻസറിങ് രീതി ഇല്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ച് സർട്ടിഫിക്കറ്റ് നല്‍കും. ഏതു പ്രായക്കാർക്കും കാണാവുന്ന സിനിമകള്‍ക്ക് ‘യു’ സർട്ടിഫിക്കറ്റ് നല്‍കും. ‘യുഎ’ സർട്ടിഫിക്കറ്റില്‍ ഏതു പ്രായം മുതലുള്ളവർക്കു കാണാമെന്നു കൂടി ചേർക്കും. 7+, 13+, 16+ പ്രായം കൂടി ‘യുഎ’ സർട്ടിഫിക്കറ്റിനൊപ്പം ചേർത്തിട്ടുണ്ടാകും. ‘എ’ സർട്ടിഫിക്കറ്റുള്ള സിനിമ 18 വയസ്സില്‍ താഴെയുള്ളവരെ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാല്‍ തിയറ്ററില്‍നിന്നു 10,000 രൂപ വരെ പിഴ ഈടാക്കാം. ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മാർകോ’യില്‍ ഉണ്ണി മുകുന്ദനാണ് നായകൻ.









