അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ജീവദയ അവാർഡിനാണ് മുംബൈ മലയാളിയായ നിഷ കുഞ്ചു അർഹയായത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രി ജോർജ്ജ് കുര്യനും മന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേലാണും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേലാണും ന്യൂനപക്ഷകാര്യ, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രി ജോർജ്ജ് കുര്യനും കൂടിയാണ് ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ നിഷ സുബ്രമണ്യൻ കുഞ്ചുവിനു് അവാർഡ് കൈമാറിയത്.
അമ്മ കെയർ ഫൗണ്ടേഷൻ (എസിഎഫ്), പ്ലാൻ്റ് ആൻഡ് അനിമൽസ് വെൽഫെയർ സൊസൈറ്റി – മുംബൈ (പോസ് – മുംബൈ) എന്നിവയുടെ സഹസ്ഥാപകയും ഓർഗനൈസേഷൻ ഫോർ ആനിമൽ പ്രൊട്ടക്ഷൻ (ഒഐപിഎ) മഹാരാഷ്ട്ര സംസ്ഥാനത്തിൻ്റെ അന്താരാഷ്ട്ര പ്രതിനിധിയുമാണ് നിഷ.
28 വർഷത്തിലേറെയായി ശബ്ദമില്ലാത്ത മൃഗങ്ങൾക്കുവേണ്ടിയുള്ള അവരുടെ മികച്ച സേവനത്തിനും മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുമുള്ള അംഗീകാരമായാണ് ഈ അവാർഡ് നിഷയെ തേടിയെത്തിയത്.
മുൻപ് ഇന്ത്യൻ വനിതാ-ശിശു വികസന മന്ത്രാലയത്തിൽ നിന്ന് ” 100 വുമൺ ഓഫ് ഇന്ത്യ” അവാർഡും, ഐക്കോംഗോ യിൽ നിന്ന് “കർമവീർ ചക്ര ഒപ്പം കർമ്മവീർ പുരസ്‌കാർ” എന്ന അന്താരാഷ്ട്ര അവാർഡുകളും നിഷയ്ക്ക് ലഭിച്ചിട്ടുണ്ട്.
നളിനിയുടെയും സുബ്രമണ്യൻ കുഞ്ചുൻ്റെയും മകളാണ് നിഷ.





