മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിനെ പുകഴ്ത്തി വിവാദ പരാമർശം നടത്തിയ മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രസിഡൻ്റ് അബു ആസ്മി രാഷ്ട്രീയപരമായ വിമർശനങ്ങൾ ഏറ്റ് വാങ്ങി.
അസ്മിയുടെ അഭിപ്രായം പ്രകോപനം സൃഷ്ടിച്ചതായാണ് പൊതുവെയുള്ള വിലയിരുത്തൽ.പ്രത്യേകിച്ച് ശിവസേന (ഷിൻഡെ വിഭാഗം) അസ്മിക്കെതിരെ ഒന്നിലധികം പോലീസ് പരാതികൾ നൽകിയിട്ടുണ്ട്.അതേസമയം എസ്പി നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏകനാഥ് ഷിൻഡെ ഒരു പടി കൂടി മുന്നോട്ട് പോയി.
മുംബൈ മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷനിൽ അബു ആസ്മിക്കെതിരെ ശിവസേന (ഷിൻഡെ വിഭാഗം) ഔദ്യോഗികമായി പരാതി രജിസ്റ്റർ ചെയ്തു. മുൻ എംഎൽഎയും ശിവസേന വക്താവുമായ കിരൺ പവസ്‌കറും പാർട്ടി പ്രവർത്തകരും അസ്മിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ പ്രകോപനപരവും ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യദ്രോഹക്കുറ്റം ചുമത്താനാണ് പാർട്ടി ശ്രമിക്കുന്നത്.മുംബൈ, മഹാരാഷ്ട്ര | എസ്പി എംഎൽഎ അബു ആസ്മിക്കെതിരെ ബിഎൻഎസ് സെക്ഷൻ 299, 302, 356(1), 356(2) എന്നിവ പ്രകാരം ശിവസേന എംപി നരേഷ് മ്ഹസ്‌കെ വാഗ്ലെ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആസ്മിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ ഷിൻഡെ പറഞ്ഞു, “അദ്ദേഹത്തിൻ്റെ പ്രസ്താവന തെറ്റാണ്, അപലപിക്കപ്പെടണം. 40 ദിവസം ഛത്രപതി സംഭാജി മഹാരാജിനെ ഔറംഗസേബ് പീഡിപ്പിച്ചു, അങ്ങനെയുള്ള ഒരാളെ നല്ലവൻ എന്ന് വിളിക്കുന്നത് ഏറ്റവും വലിയ പാപമാണ്, അതിനാൽ അബു ആസ്മി മാപ്പ് പറയണം. നമ്മുടെ മുഖ്യമന്ത്രി ഇക്കാര്യം ഗൗരവമായി എടുത്തിട്ടുണ്ട്. അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം.”





