സംസ്‌ഥാനത്ത്‌ ബിരുദസീറ്റുകളില്‍ 37 ശതമാനത്തിലും പഠിക്കാന്‍ ആളില്ലെന്നിരിക്കെ സ്വകാര്യ സര്‍വകലാശാലകള്‍ തങ്ങളുടെ ജോലി ഇല്ലാതാക്കുമോയെന്ന ആശങ്കയില്‍ അധ്യാപകര്‍.നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വകാര്യ സര്‍വകലാശാലാ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ്‌ അധ്യാപകര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്‌.

കഴിഞ്ഞ അധ്യയനവര്‍ഷം കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്‌, കണ്ണൂര്‍ സര്‍വകലാശാലകളിലെ ബിരുദ പ്രോഗ്രാമുകളില്‍ ആകെയുണ്ടായിരുന്ന 2,22,201 സീറ്റുകളില്‍ 82,230 ഉം ഒഴിഞ്ഞുകിടക്കുകയാണ്‌. 2022-23 ല്‍ ഒഴിഞ്ഞുകിടന്ന സീറ്റുകളുടെ എണ്ണം 43238 ആയിരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ആര്‍ട്‌സ് കോളജുകളില്‍ ഫിസിക്‌സ്, കെമസ്‌ട്രി, ബയോളജി വിഷയങ്ങളിലെ ഡിഗ്രി പ്രോഗ്രാമുകള്‍ക്കു പകുതിയിലേറെ സീറ്റുകളിലും പഠിക്കാന്‍ വിദ്യാര്‍ഥികളില്ല. ഈ സാഹചര്യത്തില്‍ ഒരു മാനദണ്ഡവുമില്ലാതെ സര്‍വകലാശാലകള്‍ തുടങ്ങാനുള്ള നീക്കം നിലവിലെ വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുമെന്ന്‌ അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആസ്‌ഥാനമന്ദിരത്തിനു പത്തേക്കര്‍ ഭൂമിയും എന്‍ഡോവ്‌മെന്റ്‌ ഫണ്ടായി 25 കോടി നിക്ഷേപിക്കാനും തയാറുള്ള ഏതൊരു സ്‌പോണ്‍സറിങ്‌ ബോഡിക്കും പുതിയ സര്‍വകലാശാലാ കരട്‌ ബില്‍ പ്രകാരം മള്‍ട്ടി കാമ്ബസ്‌, മള്‍ട്ടി ഡിസിപ്ലിനറി സര്‍വകലാശാലകള്‍ സംസ്‌ഥാനത്ത്‌ ആരംഭിക്കാം. നിലവില്‍ ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌ ആരംഭിക്കാന്‍പോലും പത്തേക്കര്‍ സ്‌ഥലം ഉറപ്പായിരിക്കണമെന്നിരിക്കെയാണിത്‌.

100 ശതമാനം സീറ്റുകളിലും ഇഷ്‌ടംപോലെ ഫീസ്‌ നിശ്‌ചയിച്ച്‌ കോഴ്‌സുകള്‍ നടത്താന്‍ കഴിയുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. യു.ഡി.എഫ്‌. ഭരണകാലത്ത്‌ എം.ജി. സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. സിറിയക്‌ തോമസ്‌ അധ്യക്ഷനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കൊണ്ടുവന്ന സ്വകാര്യ സര്‍വകലശാല കരട്‌ രൂപരേഖയില്‍ സര്‍വകലാശാല തുടങ്ങാന്‍ നഗരമേഖലയില്‍ 20 ഏക്കര്‍ ഭൂമിയും ഗ്രാമീണ മേഖലയില്‍ 30 ഏക്കര്‍ ഭൂമിയും വേണമെന്നാണു നിഷ്‌കര്‍ഷിച്ചിരുന്നത്‌. എന്‍ഡോവ്‌മെന്റ്‌ ഫണ്ടായി 50 കോടി രൂപ വേണമെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു.

ഇത്‌ അട്ടിമറിച്ച്‌ ഇളവുകള്‍ നല്‍കിയത്‌ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ കീഴിലുള്ള ട്രസ്‌റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കുംവരെ സ്വകാര്യ സര്‍വകലാശാലകള്‍ സ്‌ഥാപിക്കാനാണെന്ന്‌ ഫെഡറേഷന്‍ ഓഫ്‌ ഓള്‍ കേരള സര്‍വകലാശാല എംപ്ലായീസ്‌ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ എന്‍. മഹേഷും കേരള ൈപ്രവറ്റ്‌ കോളജ്‌ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോണി ജോര്‍ജും ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള സര്‍വകകശാലാശാലകളുടൈ പ്രവര്‍ത്തനം താറുമാറാക്കാനാണ്‌ നിലവില്‍ ലഭിച്ചിരുന്ന ഗ്രാന്റ്‌ സര്‍ക്കാര്‍ ഗണ്യമായി വെട്ടിച്ചുരുക്കിയതെന്നും ഇവര്‍ പറയുന്നു.

ഷാലു മാത്യു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക