സഹതടവുകാരിയെ മർദിച്ചതിനെ തുടർന്ന് ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്. കണ്ണൂർ വനിതാ ജയിലില്‍ ഇന്നലെയാണ് സംഭവം.കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മർദിച്ചെന്നാണ് കേസ്.
ശിക്ഷാ ഇളവ് നല്‍കാൻ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയില്‍ ഉപദേശ സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്ബോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്.
കണ്ണൂര്‍ ജയില്‍ ഉപദേശക സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. ഈ തീരുമാനം പിൻവലിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഷെറിനെ ജയിലില്‍ നിന്ന് പുറത്തിറക്കാൻ മന്ത്രിസഭയിലെ ഏത് ഉന്നതനാണ് ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ചെന്നിത്തല മന്ത്രിയുടെ പേര് പറഞ്ഞില്ലെങ്കിലും ഷെറിനെ മോചിപ്പിക്കാൻ ഇടപെട്ടത് മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ ഓഫീസാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല ന്യൂസ് അവറില്‍ ആരോപിച്ചിരുന്നു. ഭാസ്കര കാരണവരുടെ ബന്ധുക്കളും ഗവര്‍ണറെ സമീപിച്ചേക്കും. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍ നടപടിയെന്നാണ് ബന്ധുക്കളുടെ പ്രതികരണം. പുറത്ത് വിവാദം ശക്തിപ്പെടുമ്ബോഴും ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള ശുപാര്‍ശ രാജ് ഭവനിലെത്തിയിട്ടില്ല. മുഖ്യമന്ത്രി കണ്ട ശേഷമാകും ഫയല്‍ ഗവര്‍ണര്‍ക്ക് അയക്കുക. ഫയല്‍ വരട്ടെയെന്നാണ് രാജ് ഭവൻ്റെ പ്രതികരണം. തീരുമാനം നിയമപരമാണോയെന്ന് പരിശോധിക്കും. പരാതികളെത്തിയാല്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്.











