ചെറിയനാട് ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന് ജയിലിനുള്ളില്‍ വഴിവിട്ട പല സൗകര്യങ്ങളും ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍. ജയിലിലെ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും ഷെറിനില്‍ നിന്നും മാസപ്പടി കൈപ്പറ്റിയിരുന്നെന്നും ഷെറിന്റെ സഹതടവുകാരി വെളിപ്പെടുത്തി. ജനം ടിവിയുടെ ഓണ്‍ലൈനാണ് ഇക്കാര്യം പുറത്തുവിട്ടത്. തൃശൂർ സ്വദേശിനിയായ എം.എസ് സുനിതയാണ് ജനം ടിവിയുടെ പ്രതിവാര അഭിമുഖ പരിപാടിയായ മറുപടിയില്‍ പങ്കെടുത്ത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.
വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് 2013-15 കാലയളവില്‍ സുനിത അട്ടക്കുളങ്ങര വനിത ജയിലില്‍ എത്തിയത്. ഷെറിന്റെ തൊട്ടടുത്ത സെല്ലിലാണ് സുനിത കഴിഞ്ഞിരുന്നത്. ചില രാഷ്‌ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ഷെറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സുനിത വെളിപ്പെടുത്തുന്നു. രണ്ട് വർഷത്തെ ശിക്ഷയ്‌ക്ക് ശേഷം ജാമ്യം നേടിയാണ് സുനിത പുറത്തിറങ്ങിയത്. ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിവരാവകാശ നിയമപ്രകാരം ഷെറിന് എത്ര ദിവസം പരോള്‍ ലഭിച്ചു എന്നതടക്കമുള്ള വിവരങ്ങളും ശേഖരിച്ചിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഒന്നോ രണ്ടോ ജീവനക്കാർ ഒഴിച്ച് ബാക്കിയെല്ലാവരും ഷെറിനില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയിരുന്നുവെന്നും അന്നത്തെ ജയില്‍ സൂപ്രണ്ടിന് ഐപാഡും എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും സുനിത പറഞ്ഞു. ഷെറിൻ എന്ത് ആവശ്യപ്പെടുന്നുവോ അത് ജയിലിനുള്ളില്‍ എത്തിച്ചിരുന്നു. മൂന്ന് നേരവും പുറത്ത് നിന്നുള്ള ഭക്ഷണം ആയിരുന്നു. ഷെറിന് സഹായിയായി ഒരു തടവുകാരിയേയും ഏർപ്പെടുത്തിയിരുന്നു. ഇവരാണ് ഷെറിന്റെ വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തിരുന്നത്. തലയണയടക്കം നല്‍കി സുഖ നിദ്രയ്‌ക്കുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. ജയിലിനുള്ളില്‍ ധരിക്കുന്നത് വീട്ടില്‍ നിന്നും കൊണ്ടുവന്ന വെള്ള വസ്ത്രങ്ങളായിരുന്നെന്നും സുനിത വെളിപ്പെടുത്തി എന്നാണ് റിപ്പോർട്ട്.
ബക്കറ്റ് നിറച്ച് സൗന്ദര്യവർദ്ധക വസ്തുക്കളും ഷെറിനുണ്ടായിയുന്നു. ഇതില്‍ മുഖം നോക്കാൻ കണ്ണാടി, ലിപ്സ്റ്റിക്ക്, ഐലൈനർ തുടങ്ങി സർവ്വതുമുണ്ട്. സൂപ്രണ്ടിന്റെ പേരക്കുട്ടി കണക്കെയുള്ള ലാളനയാണ് ഷെറിന് ലഭിച്ചതെന്നും സുനിത വെളിപ്പെടുത്തിയെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. അന്നത്തെ ജയില്‍ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും സുനിത വെളിപ്പെടുത്തി.
സാധാരണ വനിത ജയിലില്‍ പുരുഷ ഉദ്യോഗസ്ഥർ ഉണ്ടാകാറില്ല. ഇവിടെ ഷെറിനെ കാണാൻ ജയില്‍ ഡിഐജി അടിക്കടി എത്തിയിരുന്നു. ജയില്‍ ചട്ടപ്രകാരം തടവുകാരെ വൈകുന്നേരം 5.30 ന് സെല്ലില്‍ അടച്ചാല്‍ പിന്നെ രാവിലെ മാത്രമേ പുറത്തിറക്കൂ. എന്നാല്‍ രാത്രി എഴ് മണിയോടെ പുറത്തിറങ്ങുന്ന ഷെറിൻ രണ്ട് മണിക്കൂർ കഴിഞ്ഞാണ് തിരിച്ചെത്താറ്. ഇത് സംബന്ധിച്ച് ക്ലംപ്ലയ്ന്റ് ബോക്സില്‍ പരാതി എഴുതിയിട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഒരു തവണ ജയില്‍ ജീവനക്കാരൻ വഴി ഇക്കാര്യങ്ങള്‍ മാധ്യമത്തിന് നല്‍കിയതിന് ജയില്‍ ഡിഐജി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുനിത പറഞ്ഞു. ഒരിക്കലും പുറം ലോകം കാണില്ലെന്ന് പറഞ്ഞായിരുന്നു ഡിഐജി ഭീഷണിപ്പെടുത്തിയത്.
ഒരു തവണ ജയില്‍ സന്ദർശിച്ച ജില്ലാ ജഡ്ജിയോട് താൻ ഇക്കാര്യങ്ങള്‍ നേരിട്ട് പറഞ്ഞിരുന്നുവെന്നും സുനിത വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ഷെറിൻ കൈവശം വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ അടക്കം എല്ലാം വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തിരുന്നുവെന്നും സുനിത കൂട്ടിച്ചേർത്തു. തടവുകാരികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ കുറിച്ചും സുനിത സംസാരിച്ചിരുന്നു.
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷയില്‍ ഇളവ് നല്‍കിയതിനു പിന്നില്‍ സർക്കാർ ഇടപെടലുണ്ടായിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാർ അടക്കം രണ്ട് മന്ത്രിമാർക്ക് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കിയും ആരോപിച്ചിരുന്നു. ഷെറിന് ശിക്ഷായിളവ് നല്‍കിയതുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണ് നടക്കുന്നത്. അവരുടെ ശിക്ഷായിളവിനുള്ള ഫയല്‍ ജയില്‍ ഉപദേശക സമിതിയുടെ മുമ്ബാകെ വന്നപ്പോള്‍ പെട്ടെന്നാണ് തീരുമാനം വന്നത്. മന്ത്രിസഭയുടെയും അനുകൂല തീരുമാനം ഉണ്ടായി. ഇതിലെല്ലാം ദുരൂഹതയുണ്ട്.
ചാനല്‍ ചർച്ചക്കിടെ കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഇതിന് പിന്നില്‍ ഗണേഷ് കുമാറിനും പേഴ്സണല്‍ സ്റ്റാഫിനും പങ്കുണ്ടെന്ന് ആരോപിച്ചിട്ട് നാലു ദിവസം കഴിഞ്ഞിട്ടും അതില്‍ ഒരു പ്രതികരണം നടത്താൻ പോലും ഇവരാരും തയ്യാറായിട്ടില്ല. അതിനർത്ഥം എന്തോക്കെയോ അവിടെ നടന്നിട്ടുണ്ട്. ഷെറിൻറെ ബെസ്റ്റിയായിരുന്നു ഗണേഷ് കുമാർ എന്ന് സംശയിക്കപ്പെടുന്ന തരത്തിലാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ജയിലില്‍ കിടക്കുന്ന പ്രതിയുമായി മന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്. അതില്‍ പ്രതികരണം പോലും മന്ത്രി നടത്തിയില്ല.
ഒരു മന്ത്രിക്ക് മാത്രമല്ല ഇതില്‍ പങ്ക്. ഷെറിൻറെ ബെസ്റ്റിയാണ് ഗണേഷ് കുമാറെങ്കില്‍ ലോക്കല്‍ ഗാർഡിയനായ മറ്റൊരു മന്ത്രിയും ചെങ്ങന്നൂരില്‍ തന്നെയുണ്ട്. ഇങ്ങനെ രണ്ട് മന്ത്രിമാരുടെ ഇടപെടലാണ് ഷെറിന് അതിവേഗ ശിക്ഷായിളവ് കിട്ടുന്നതിന് കാരണമായതെന്നും അബിൻ വർക്കി ആരോപിച്ചു.ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചതാണോ ഷെറിൻറെ മാനസാന്തരമെന്നും സർക്കാർ ഇതില്‍ കൃത്യമായ വിശദീകരണം തരണമെന്നും അബിൻ വർക്കി പറഞ്ഞു.
25 വർഷത്തില്‍ കൂടുതല്‍ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയില്‍ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. ഡിസംബറില്‍ കണ്ണൂർ ജയില്‍ ഉപദേശ സമിതി നല്‍കിയ ശുപാർശയിലാണ് അതിവേഗം മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. വിവിധ ജയിലുകളില്‍ ഷെറിൻ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിക്കാതെയാണ് ഇളവ്ജയിലുകളില്‍ ഷെറിന് കിട്ടിയ ആനുകൂല്യങ്ങളുടെ തുടർച്ചയാണ് വിടുതലിലും കാണുന്നത്.
14 വർഷം ശിക്ഷ പൂർത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഷെറിന് മോചനം നല്‍കാനുള്ള തീരുമാനം. എന്നാല്‍ 25 ഉം 20 വർഷം വരെ തടവ് പൂർത്തിയായവർക്ക് ഈ ആനുകൂല്യം കിട്ടിയില്ല. ഇവരില്‍ പലരും രോഗികളാണെന്ന ജയില്‍ ഉപദേശക സമിതികളുടെ ശുപാർശകളും ഇതുവരെ പരിഗണിച്ചിട്ടില്ല.
താമസിച്ച ജയിലുകളിലെല്ലാം സഹതടവുകാരും ഉദ്യോഗസ്ഥരുമായും ഷെറിൻ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിട്ടും അതൊന്നും പരിഗണിച്ചില്ല. പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും ഷെറിന് അനുകൂലം. കാബിനറ്റില്‍ ചില മന്ത്രിമാരുടെ പിന്തുണയും ഷെറിന് കിട്ടിയതായും സൂചനകളുണ്ട്. ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകൻ ബാസിത് അലിയെ നല്ല നടപ്പ് പരിഗണിച്ച് തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ബാസിത് അലിയെ മോചനത്തിനായി പരിഗണിച്ചില്ല. മന്ത്രിസഭാ യോഗ ശുപാർശ ഗവർണ്ണർ കൂടി അംഗീകരിച്ചാലേ ഷെറിന് പുറത്തിറങ്ങാനാകൂ.

















