ആയുധ പൂജ നടത്തിയ ശേഷം വാളും പരിചയുമേന്തി അഭ്യാസ പ്രവർത്തനം നടത്തുന്ന യുവതി രേഖ ഗുപ്തയോ; ദില്ലി മുഖ്യമന്ത്രിയുടെത് എന്ന പേരിൽ പ്രചരിക്കുന്നത് മറ്റാരുടെയോ വീഡിയോ: വൈറൽ ആകുന്ന വീഡിയോ ദൃശ്യങ്ങളും വിശദാംശങ്ങളും വാർത്തയോടൊപ്പം
27 വർഷത്തിനുശേഷം ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തിയരിക്കുകയാണ്. ഷാലിമാർബാഗില്‍ നിന്നുള്ള നവാഗത എം.എല്‍.എയായ രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി ഫെബ്രുവരി 20-ന് അധികാരമേറ്റു.ചടങ്ങുകള്‍ കഴിഞ്ഞ മണിക്കൂറുകള്‍ക്കകം രേഖയുടെ പഴയകാല വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
”വാള്‍പയറ്റുന്ന പഴയ ആർ.എസ്.എസുകാരി രേഖ ഗുപ്ത” എന്ന അവകാശ വാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.ഇതിന്റെ വാസ്തവമറിയാനായി ഒട്ടേറെ പേരാണ് ബന്ധപ്പെട്ടത്. പരിശോധനയില്‍ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.
പുഴയില്‍നിന്ന് ചെറിയൊരു പാത്രത്തില്‍ വെള്ളം ശേഖരിക്കുന്ന യുവതിയാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. പിന്നീട് ഇവർ പുഴക്കരയില്‍ തന്നെ നിലമൊരുക്കി അവിടെ കളമെഴുതി വാളും പരിചയും വടിയും പൂജിക്കുന്നത് കാണാം. മലകളും പുഴയും പശ്ചാത്തലമായി അതിമനോഹരമായാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ആയോധന കലയിലെ യുവതിയുടെ മികവ് തെളിയിക്കുന്ന പ്രകടനങ്ങളാണ് തുടർന്ന് ദൃശ്യങ്ങളില്‍. രേഖ ഗുപ്തയുടെ പഴയാകാല ദൃശ്യങ്ങളാണിത് എന്ന പേരിലാണ് പ്രചാരണം.
പ്രചരിക്കുന്ന വീഡിയോയിലെ കീ- ഫ്രെയിമുകള്‍ എടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തു. പരിശോധനയില്‍, മറാഠ സിനിമ,സീരിയല്‍ നടി പായല്‍ ജാദവിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ലഭിച്ചു. മകരന്ദ് മാനെ സംവിധാനം ചെയ്ത് 2023-ല്‍ പുറത്തിറങ്ങിയ ‘ബാപ്ലിയോക്’ എന്ന ചിത്രത്തിലെ സുപ്രധാന വേഷത്തിലൂടെയാണ് പായല്‍ പ്രശസ്തയാകുന്നത്. പായലിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജില്‍ 2025 ഫെബ്രുവരി 19-ന് ഇതേ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മറാഠ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജി മഹാരാജിനോടുള്ള ആദരസൂചകമായാണ് ഈ വീഡിയോ എന്ന വിവരണമാണ് പോസ്റ്റില്‍ ഇവർ നല്‍കിയിരിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന അതേ വസ്ത്രം ധരിച്ചിട്ടുള്ളൊരു ചിത്രം പായല്‍ 2023 ജനുവരി അഞ്ചിന് ഇൻസ്റ്റയില്‍ പോസ്റ്റ് ചെയ്തതിട്ടുണ്ട്. ശാസ്ത്രീയ നർത്തകി കൂടിയായ പായലിന്റെ ഈ ഫോട്ടോ കേരളത്തില്‍ നിന്നുള്ളതാണ്. പ്രശസ്ത കഥകളി, കൂടിയാട്ടം കലാകാരനായ ജി. വേണു തൃശ്ശൂരിലെ ഇരിഞ്ഞാലക്കുടയില്‍ സ്ഥാപിച്ച നടനകൈരളിയില്‍ (പരമ്ബരാഗത കലകള്‍ക്കായുള്ള ഗവേഷണ, പരിശീലന, പ്രകടന കേന്ദ്രം) നിന്ന് പകർത്തിയ ചിത്രമാണിത്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടി പായല്‍ ജാദവിന്റെ വീഡിയോയാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടേതെന്ന തരത്തില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്തി.
വാസ്തവം
മറാഠ നടി പായല്‍ ജാദവിന്റെ വീഡിയോയാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടേതെന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക