യു.ഡി.എഫ്. കാലത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ശശി തരൂരിന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മറുപടി.ലോകോത്തര വികസനം കേരളത്തില്‍ എത്തിയത് ആന്റണി സർക്കാരിന്റെ കാലത്തെന്നും ഇന്നത്തെ സ്റ്റാർട്ടപ്പുകള്‍ക്കുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുടങ്ങിയത് യു.ഡി.എഫ്. ആണെന്നും അദ്ദേഹം പറഞ്ഞു.
നോക്കുകൂലിയുമായെത്തി വ്യവസായ അന്തരീക്ഷം തകർത്തത് ഇടതുപക്ഷമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വാർത്താ സമ്മേളനത്തില്‍ നിന്ന്; വ്യവസായമന്ത്രി മാതൃകാപരമെന്ന് എടുത്ത് പറഞ്ഞ കാക്കഞ്ചേരി പാർക്ക്, അതിനെത്തുടർന്ന് വന്നതാണ് കിൻഫ്ര.
റിസർച്ച് അടിസ്ഥാനമാക്കി പുതിയ വ്യവസായ സംരഭങ്ങള്‍ക്ക് വേണ്ടി എന്ന നിലയിലായിരുന്നു ഇതിന്റെ ഉദ്ഘാടനം. കാക്കനാട് കുറുക്കൻ മേഞ്ഞിരുന്ന സ്ഥലമാണ്. ആന്റണി സർക്കാരിന്റെ കാലത്ത് കൊച്ചി ഐടിയുടെ ഡെസ്റ്റിനേഷൻ ആക്കണമെന്ന് പറഞ്ഞിട്ട് സമയബന്ധിതമായി ഇൻഫോ പാർക്കും മറ്റും ഉണ്ടാക്കിയിട്ടാണ് കാക്കനാട് ഇന്ന് കാണുന്ന രീതിയിലാക്കിയത്.
ഡിജിറ്റല്‍ കേരള ആയത് അക്ഷയ വന്നതു കൊണ്ടാണ്. കരുണാകരൻ സർക്കാരിന്റെ കാലത്തും ആന്റണി സർക്കാരിന്റെ കാലത്തും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും അടിസ്ഥാനപരമായി കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ വമ്ബിച്ച മാറ്റമാണ് ഉണ്ടാക്കിയത്. കേരളത്തില്‍ വന്ന മാറ്റം, അതിന് വേണ്ടി അശ്രാദ്ധം പരിശ്രമം നടത്തിയതാണ് ആന്റണിയുടെ കാലത്തുള്ള എമേർജിങ് കേരളയും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുള്ള ഇൻവെസ്റ്റേഴ്സ് മീറ്റും ജിമ്മുമൊക്കെ. വ്യവസായ രംഗത്ത് വമ്ബിച്ച മാറ്റം വരുത്തിയത് യു.ഡി.എഫ്. സർക്കാരുകളാണ്.
ഇടതുപക്ഷ സർക്കാർ അവകാശപ്പെടുന്നത് സ്റ്റാർട്ട് അപ്പുകളാണ്. ഏത് സ്റ്റാർട്ട് അപ്പ് വരണമെങ്കിലും ഏത് ഐടി വികസങ്ങള്‍ വരണമെങ്കിലും അതിനനുയോജ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണം. എന്നാല്‍ അതിനെതിരേ ഇടതുപക്ഷം നടത്തിയ രക്തരൂഷിതമായ സമരം ഓർമ്മയുണ്ടല്ലോ. അതിനെയെല്ലാം മറികടന്നാണ് യുഡിഎഫ് വിദ്യാഭ്യാസരംഗം ഓപ്പണ്‍ ചെയ്തത്.
കേരളത്തില്‍ വ്യവസായ രംഗത്ത് വമ്ബിച്ച മാറ്റം വരുത്തിയത് യു.ഡി.എഫ്. സർക്കാരുകളാണ്. പക്ഷെ, വ്യവസായ അന്തരീക്ഷം എന്ന പ്രശ്നം കേരളത്തില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അതില്‍ ഈ പറഞ്ഞ നോക്കുകൂലിയും അക്രമസമരങ്ങളും നിക്ഷേപകർക്ക് നേരിടേണ്ടി വരുന്ന ഭീഷണിയും മറ്റുമുള്ള അന്തരീക്ഷം ഒക്കെയാണ്. ആ അന്തരീക്ഷം ഒഴിവായിക്കിട്ടുക എന്നതാണ് പ്രശ്നം. ഇപ്പോള്‍ പ്രതിപക്ഷത്ത് ഞങ്ങളാണ്. ഞങ്ങള്‍ ആ രീതിയില്‍ പോയിട്ടില്ല.
ഞങ്ങള്‍ ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള പ്രതിപക്ഷത്തിന് പണ്ടത്തെ നയം തെറ്റായിരുന്നുവെന്നും ഞങ്ങള്‍ക്ക് മാറ്റം വന്നിരിക്കുന്നുവെന്നും അവർ പറയുന്നു. പശ്ചാത്താപം തോന്നുന്നത് നല്ലതാണ്. തിരുത്തുന്നത് നല്ലതാണ്. ആ തിരുത്തല്‍ സ്ഥായിയായിരിക്കണം എന്നേ പറയാനുള്ളൂ. ഇടിച്ചുപൊളിക്കലായിരുന്നു ഇടതുപക്ഷ നയം. വലിയ ജെസിബി പോയിട്ട് റിസോർട്ടുകളൊക്കെ ഇടിച്ചു പൊളിച്ചത് ഓർമ്മയുണ്ടല്ലോ- പികെ കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായരംഗത്തെ അനുമോദിച്ചുള്ള പ്രതികരണം. കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളർച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നുണ്ട്. ഇത് പിന്നീട് പ്രതിപക്ഷനിരയില്‍ ചർച്ചാവിഷയമായിരുന്നു. ഇതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.









