വിവാഹത്തട്ടിപ്പിന് മൂന്ന് സ്ത്രീകളെ നേരത്തെ ഇരകളാക്കിയ യുവാവ്, വിവാഹമോചിതയായ ആലപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ കുടുങ്ങി.ഒടുവില്‍ പൊലീസിന്റെ വലയിലുമായി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പുവീരൻ കുടുങ്ങിയത്.

കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിയും, കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റില്‍ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പൊലീസിന്റെ വ്യാപകമായ അന്വേഷണത്തെതുടർന്ന് പിടിയിലായത്. 2022 മാർച്ച്‌ ഒന്നിനും ഈവർഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള കാലയളവിലാണ് യുവതിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്ബ് കല്യാണം കഴിച്ചാണ് വിവാഹത്തട്ടിപ്പിന് തുടക്കം കുറിച്ചത്. യുവതിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ഇയാള്‍ പിന്നീട് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ചു കടന്നു. പിന്നീട് കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് മുങ്ങി. പിന്നെ അവിടെ കുറേകാലം ഒരുമിച്ച്‌ താമസിച്ച്‌ സ്ഥലംവിട്ടു.

അടുത്തതായി എറണാകുളത്തായിരുന്നു തട്ടകം. അവിടെ ഒരു സ്ത്രീയുമായി അടുക്കുകയും കുറേനാള്‍ അവരുമൊത്ത് കഴിയുകയും ചെയ്തു. തുടർന്ന്, ഫേസ്ബുക്കില്‍ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച്‌ ഒപ്പം കൂടി. വിവാഹമോചിതയായ ഇവരെ പിന്നീട് അർത്തുങ്കല്‍ വച്ച്‌ കല്യാണം കഴിച്ചു. തന്ത്രശാലിയായ ദീപു, പരിചയപ്പെടുന്ന സ്ത്രീകളോടെല്ലാം തുടക്കത്തില്‍ പറയുക താൻ അനാഥനാണ് എന്നാണ്.

വിവാഹം കഴിച്ചാല്‍ തനിക്കൊരു ജീവിതവുമാകും, ഒറ്റപ്പെടുന്നതിന്റെ വേദന മാറുകയും ചെയ്യും എന്ന് വൈകാരികമായി പറഞ്ഞു വിശ്വസിപ്പിച്ച്‌ വലയില്‍ വീഴ്ത്തുകയും ചെയ്യും. തുടർന്ന് ഒരുമിച്ചു ജീവിച്ച്‌ ലൈംഗികമായി ഉപയോഗിക്കുന്ന പ്രതി, താല്പര്യം കുറയുമ്ബോള്‍ അടുത്ത ഇരയെ തേടിപ്പോകുകയാണ് ചെയ്തുവന്നത്. ഇത്തരത്തിലായിരുന്നു മുമ്ബ് മൂന്ന് സ്ത്രീകളെയും ഇയാള്‍ ചതിച്ചത്. ഇപ്പോള്‍ വിവാഹം കഴിച്ചു ഒപ്പം കഴിഞ്ഞുവന്ന യുവതിയ്ക്ക് ഇയാളില്‍ സംശയം ജനിച്ചത് കാരണമാണ് തട്ടിപ്പിന്റെ കഥകള്‍ പുറത്തായത്.

ദീപുവിന്റെ രണ്ടാം ഭാര്യ, നിലവിലെ ഭാര്യയായ യുവതിയുടെ ഫേസ് ബുക്ക്‌ സുഹൃത്താണ്. അവർ നല്‍കിയ വിവരമാണ് വിവാഹത്തട്ടിപ്പു വീരന്റെ കള്ളി വെളിച്ചത്താക്കാൻ ഇടയാക്കിയത്. ഇയാള്‍ക്ക്, മുമ്ബ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ഇൻഷുറൻസ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോള്‍, യുവതിയോടുള്ള താല്പര്യം കുറഞ്ഞതായി തോന്നി. തുടർന്ന്, ഇവരെ ഉപേക്ഷിച്ചുകടക്കാൻ ശ്രമിക്കുന്നു എന്ന നിലവന്നപ്പോഴാണ് യുവതി കോന്നി പൊലീസിനെ പരാതിയുമായി സമീപിച്ചത്.

ശനിയാഴ്ച കോന്നി പൊലീസില്‍ കൊടുത്ത പരാതിപ്രകാരം, കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക നടപടികള്‍ക്ക് ശേഷം, പ്രതിയെ പത്തനംതിട്ട ഭാഗത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് ഇയാളെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം തെളിവുകള്‍ ശേഖരിച്ച പൊലീസ്, ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി.

കാസർഗോഡ്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ യുവതിയെ എത്തിച്ച്‌ പ്രതി ബലാല്‍സംഗത്തിന് വിധേയയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹത്തട്ടിപ്പുവീരനെ കോന്നി പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക