ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയില്‍ മാവോയിസ്റ്റ് താവളം തകർത്ത് സുരക്ഷാസേനയുടെ അതിവിദഗ്ധനീക്കം. ഇന്ന് പുലർച്ചെ തുടങ്ങിയ ഓപ്പറേഷനൊടുവില്‍ മുപ്പതിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഔദ്യോഗികമായി അറിയിച്ചു.രണ്ട് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ഹെലികോപ്റ്റർ അയച്ച് രക്ഷപെടുത്തി റായ്പൂരില്‍ ആശുപത്രിയില്‍ എത്തിച്ചു.
ജില്ലാ റിസർവ് സേനയും (District Reserve Guard) പ്രത്യേക ദൗത്യസംഘവും (Special Task Force) ചേർന്നാണ് സമീപകാലത്തെ ഏറ്റവും വലിയ നീക്കം നടത്തിയത്. മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ഇന്ദ്രാവതി നാഷണല്‍ പാർക്ക് 2800 ചതുരശ്ര കിലോമീറ്റർ വരുന്ന വനപ്രദേശമാണിത്. ഇവിടം മാവോയിസ്റ്റുകള്‍ സുരക്ഷിത താവളമാക്കിയതായി മുൻപേ വിവരമുണ്ട്. കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നീക്കമെന്ന് ബസ്തർ റേഞ്ച് ഐജി പി.സുന്ദർരാജ് അറിയിച്ചു.
കഴിഞ്ഞമാസം 12ന് ഇതേ പ്രദേശത്ത് മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഈവർഷം ഇതുവരെ 62 മാവോയിസ്റ്റുകളാണ് ഛത്തീസ്‌ഗഡില്‍ സുരക്ഷാസേനയോട് എതിരിട്ട് കൊല്ലപ്പെട്ടത്. 11 ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. 11 പേരെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തിയായും സർക്കാർ കണക്ക് പുറത്തുവിട്ടിട്ടുണ്ട്. അതില്‍ അഞ്ചുപേരും ഇന്ന് ആക്രമണമുണ്ടായ ബീജാപൂരില്‍ നിന്നുള്ളവരാണ്.





